പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

Published by
Janam Web Desk

ടി സതീശൻ

ഇന്ന് സെപ്റ്റംബര്‍ 25. യശ:ശരീരനായ പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനം. ദരിദ്ര കുടംബത്തില്‍ ജനനം. ശൈശവത്തില്‍ മാതാപിതാക്കളെ നഷ്ട്ടപ്പെടുന്നു. മട്ട്രിക്കുലെഷനും എംഎയും അന്നത്തെ ബിടിയും എല്ലാം ഒന്നാമനായി പാസ്സായി. പലപ്പോഴും ഗോള്‍ഡ്‌ മേഡലിസ്റ്റ്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ സംഘപ്രവര്‍ത്തകന്‍. പഠനത്തിനു ശേഷം ജോലി ഓഫറുകൾ നിരസിച്ചു കൊണ്ട് സംഘത്തിന്റെ മുഴുവന്‍ പ്രചാരകന്‍. ഒറിജിനല്‍ തിന്കര്‍. അതുല്ല്യ സംഘാടകന്‍. നിരവധി പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവ്. ഏകാത്മ മാനവദര്‍ശനം എന്ന ഭാരതീയ തത്വചിന്തയുടെ ബീജാവാപകൻ. 1951 ഒക്ടോബറിൽ തുടങ്ങിയ ഭാരതീയ ജന സംഘത്തെ 1967 മാര്‍ച്ചിലെ ലോക സഭ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്യപ്പട്ട വോട്ടുകളുടെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ ഇന്ത്യയിലെ (കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍) രണ്ടാമത്തെ രാഷ്‌ട്രീയ പാര്‍ട്ടി ആക്കി മാറ്റിയ, അതോടൊപ്പം നടന്ന നിയമസഭ തെഞ്ഞെടുപ്പുകളില്‍ പല സംസ്ഥാനങ്ങളിലും ജനസംഘത്തെ ഭരണ കക്ഷിയാക്കി മാറ്റിയ രാഷ്‌ട്രിയ മാന്ത്രികന്‍. രാഷ്‌ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ല എന്ന് പ്രായോഗിക തലത്തില്‍ വ്യക്തമാക്കാന്‍ വിധായക് മന്ത്രിസഭകളില്‍ സിപിഐയെ കൂട്ടുകക്ഷി ആക്കുന്നതില്‍ യാതൊരു മടിയും കാണിക്കാതിരുന്ന പ്രായോഗിക രാഷ്‌ട്രീയ നേതാവ്.

പാര്‍ട്ടി പ്രസിഡന്റ്‌മാര്‍ മാറി മാറി വന്നപ്പോഴും ജനറല്‍സെക്രട്ടറി എന്ന നിലക്ക് തിരശ്ശീലക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച, വെള്ളിവെളിച്ചത്തില്‍ നിന്ന് കാതങ്ങള്‍ മാറി സഞ്ചരിച്ച അസുലഭ നേതൃത്വം. (അന്ന് പാര്‍ട്ടിക്ക് ഒരു ജനറല്‍ സെക്രെട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഈ അവസരത്തില്‍ സ്മരണീയം). സ്വയം നേതാവാകാതെ, അടല്ജി, അദ്വാനിജി തുടങ്ങിയ അനിതരസാധാരണ ദേശീയ നേതാക്കന്മാരെ വാര്‍ത്തെടുത്ത ‘അദൃശ്യ’ നേതാവ്. പൊതു പ്രസംഗം, പത്രസമ്മേളനം ഇവയൊന്നും ഇല്ലാതെ സംഘടനയെ വളര്‍ത്താം എന്ന് തെളിയിച്ച യഥാര്‍ത്ഥ സ്വയംസേവകന്‍. ഇന്ത്യക്കും പാകിസ്ഥാനും ഒരു കൊണ്ഫെഡറേഷന്‍ ആയി മുന്നോട്ട് എന്ന് രാം മനോഹര്‍ ലോഹ്യയുമായി ചേര്‍ന്ന് സംയുക്ത പ്രസ്താവന നടത്തിയ രാഷ്‌ട്രതന്ത്രജ്ഞൻ.

കീറിയ കുര്‍ത്തയും പൊട്ടിപ്പൊളിഞ്ഞ ചെരിപ്പും വീണ്ടും വീണ്ടും തുന്നിക്കൂട്ടിയും റിപയര്‍ ചെയ്തും ധരിച്ച നേതാവ്. ബാഗില്‍ ഒരു ജോഡി വസ്ത്രവും പുസ്തകങ്ങളും ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാന്‍ വേണ്ട കാക്കി ഹാഫ് ടൗസറും മാത്രമായി തീവണ്ടിയില്‍ യാത ചെയ്തു കൊണ്ട് രാജ്യം മുഴുവന്‍ സംഘടന പ്ര്വവര്‍ത്തനം നടത്തിയ മാതൃക നേതാവ്. ബാര്‍ബര്‍ ഷോപ്പില്‍ തിരക്ക് കണ്ടപ്പോള്‍ അടുത്ത ഇടവഴിയില്‍ ഒരു വലിയ കല്ലില്‍ തന്റെ കസ്റ്റമറെ ഇരുത്തി മുടിവെട്ടുന്ന ഒരു പാവം ക്ഷുരകന്റെ സേവനം ഉപയോഗിച്ച മഹാത്മാവ്. അതിനു സഹപ്രവര്ത്തകരോട് ന്യായവും പറഞ്ഞു: “ആ പാവത്തിന് ഒരു വരുമാനം, എന്റെ സമയം ലാഭം” എന്ന്. കാര്യാലയത്തിനു പുറത്തു തുന്നിക്കൂട്ടിയ കീറ ചെരൂപ്പു കണ്ടാല്‍ ദീനദയാല്ജി അകത്തുണ്ടെന്നു പ്രവര്‍ത്തകര്‍ പറയുമായിരുന്നു.

കോളേജ് പഠനക്കാലത്ത് പണദൗര്‍ലഭ്യം മൂലം സ്വയം ഭക്ഷണം പാചകം ചെയ്യുന്ന ശീലമായിരുന്നു ദീന ദയാല്ജിക്ക്. ഒരിക്കല്‍ പച്ചക്കറി വാങ്ങി തിരിച്ചു വന്നപ്പോള്‍ തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ഒരു ‘എടുക്കാത്ത നാണയം’ ആ കച്ചവടക്കാരന് കൊടുത്തതായി ദീനദയാല്ജി കണ്ടെത്തി. അദേഹം ഹോസ്റ്റലില്‍ നിന്ന് ചന്തയിലേക്ക് തിരിച്ചു നടന്നു. അന്നത്തെ ഇടപാടു കഴിഞ്ഞു തിരിച്ചു പോകാന്‍ തയ്യാറെടുക്കുന്ന ആ പാവം കച്ചവടക്കാരന് ആ ഇരുട്ടില്‍ കള്ളനാണയം കണ്ടെടുക്കാനുള്ള മൂഡോന്നും ഉണ്ടായിരുന്നില്ല. ‘”എന്റെ കുട്ടി, അഥവാ അത് അങ്ങിനെ ആണെങ്കില്‍ തന്നെ, അത് മറന്നേക്കു, എനിക്ക് പരാതിയില്ല, എനിക്ക് വീട്ടില്‍ പോകണം” എന്നായിരുന്നു അയാളുടെ നിലപാട്. പക്ഷെ, അതു കണ്ടെത്തി , തിരിച്ചു വാങ്ങി, പകരം അസ്സല്‍ നാണയം കൊടുത്തത്തിനു ശേഷം മാത്രമേ ആ ആദര്‍ശശാലി ഹോസ്റ്റലിലേക്ക് തിരിച്ചു പോയുള്ളൂ.

1967ല്‍ കോഴിക്കോട് നടന്ന ചരിത്ര പ്രസിദ്ധമായ ജനസംഘം സമ്മേളനത്ത്നിടക്ക് താനേറെ അലക്കിയ വസ്ത്രവുമായി എത്തിയ അലക്കുകാരനോട് “അരെ ഭായി, ബൈട്ടോ” എന്ന് പറഞ്ഞ ആ വലിയ മനുഷ്യന്റെ ദേഹവിയോഗം 41ന്നാം ദിവസം സംഭവിച്ചപ്പോള്‍ ഈ സംഭവം പറഞ്ഞു കൊണ്ട് ആ പാവം അലക്കുകാരൻ പൊട്ടിക്കരഞ്ഞു.

മുഗള്‍സരായിലെ ഒരു റെയില്‍വേട്രാക്കില്‍ ആ മഹത്തായ ജീവിതത്തിനു നേരെ വാളോങ്ങിയതു ആരായിരുന്നു ? അത് അമ്പതു കൊല്ലം കഴിഞ്ഞിട്ടും ഒരു മിസ്റ്ററി. ആ കേസ് ഒതുക്കിയതും ഒരു മിസ്റ്ററി. ഒരു പ്രൈമറി വിദ്യാര്‍ഥിക്ക് പോലും വിശ്വാസം വരാത്ത ഒരു അന്വേഷണ റിപ്പോര്‍ട്ട് എങ്ങിനെ ഉണ്ടായി എന്നതും ഒരു മിസ്റ്ററി.
ഇത് ഒരു സെപ്റ്റംബര്‍ 25ന്റെ ചിതറിയ ചിന്തകളാണ് . തന്റെ ചരിത പ്രസിദ്ധമായ സോമനാഥ് – അയോധ്യ രഥയാത്ര തുടങ്ങാന്‍ അദ്വാനിജി 1989ല്‍ ഇതേ ദിവസം തെരെഞെടുത്ത്തതും തന്റെ രാഷ്‌ട്രീയ ഗുരുവിനോടുള്ള അടങ്ങാത്ത ഭക്തി കൊണ്ട് തന്നെ.

എഴുതിയത്: ടി സതീശൻ

Phone : 9074118588

Share
Leave a Comment