ക്വാലാലംപൂർ : ഇസ്ലാം മതം ഉപേക്ഷിച്ച് സ്വന്തം മതത്തിലേയ്ക്ക് മടങ്ങാനുള്ള 26 കാരിയുടെ ശ്രമങ്ങൾക്ക് തടസമായി ക്വാലാലംപൂർ ഹൈക്കോടതി . ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള ജുഡീഷ്യൽ റിവ്യൂ നടപടികൾ ആരംഭിക്കാനുള്ള യുവതിയുടെ ശ്രമങ്ങളാണ് കോടതി തള്ളിയത് .
ഇത്തരം വിഷയങ്ങൾ കേൾക്കാൻ സിവിൽ കോടതികൾക്ക് അധികാരമില്ലെന്നും ഈ ഹർജികൾ കേൾക്കാൻ ശരീഅത്ത് കോടതികൾക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അഹ്മദ് കമാൽ ഷാഹിദ് അപേക്ഷ നിരസിച്ചത്.
2017 ഓഗസ്റ്റ് 18 ന് യുവതി ഇസ്ലാം മതം സ്വീകരിച്ച് ഒരു മലായ്-മുസ്ലിം യുവാവിനെ വിവാഹം കഴിക്കാൻ മുഅല്ലഫായി രജിസ്റ്റർ ചെയ്തു . എന്നാൽ വിവാഹം കഴിക്കാതെ ബന്ധം അവസാനിച്ചതായി യുവതി തന്റെ സത്യവാങ്മൂലത്തിൽ പറയുന്നു .
തുടർന്ന് ഇസ്ലാം മതം ഉപേക്ഷിക്കാൻ ഏപ്രിൽ 20-ന് ജുഡീഷ്യൽ റിവ്യൂ നടപടികൾ ആരംഭിക്കുന്നതിനായി യുവതി അപേക്ഷ നൽകിയിരുന്നു. ഫെഡറൽ ടെറിട്ടറിയിലെ മുഅല്ലഫ് രജിസ്ട്രാർ, ഇസ്ലാമിക് റിലീജിയൻസ് കൗൺസിൽ (എംഎഐഡബ്ല്യുപി), ഗവൺമെന്റ് എന്നിവരെ പ്രതികളാക്കിയാണ് അപേക്ഷ നൽകിയത് .എന്നാൽ യുവതിയുടെ അപേക്ഷ കേൾക്കാൻ കോടതി തയ്യാറായില്ല . ഇനി ശരീഅത്ത് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുവതി