പാകിസ്താൻ മാദ്ധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബൗളര്‍ ഹാരീസ് റൗഫ്. ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ മാദ്ധ്യമങ്ങളുമായി കൂടികാഴ്ച നടത്തുമ്പോഴാണ് താരം ചൂടായത്. ഇന്ത്യയുമായി ബന്ധപ്പെടുത്തിയുള്ള ഒരു ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ പഴയ അക്രമണ മനോഭാവം ഇപ്പോള്‍ പാക് ടീമിനില്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.
‘ഞാനെന്തിനാണ് ഇന്ത്യക്കാരുമായി അടികൂടുന്നത്. ഇത് ക്രിക്കറ്റാണ്, യുദ്ധമല്ലല്ലോ. ലോകകപ്പില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമായല്ല ഇറങ്ങുന്നത്. ടീമിന്റെ മികച്ച പ്രകടനം മാത്രമാണ് ലക്ഷ്യം’ റൗഫ് പറഞ്ഞു.
രാജ്യത്തിനായി കളിക്കുന്നത് വലിയൊരു കാര്യമാണ്. എന്റെ ഫിറ്റ്‌നെസ് പഴയതിനേക്കാളും മെച്ചപ്പെട്ടിട്ടുണ്ട്. നമുക്ക് ടീം എന്ന നിലയില്‍ ആത്മവിശ്വാസമുണ്ട്. ഞാന്‍ എപ്പോ്ള്‍ ബൗള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ടീം മാനേജ്‌മെന്റാണ്- റൗഫ് പറഞ്ഞു.
ഏഷ്യാ കപ്പില്‍ ടൂര്‍ണമെന്റിന്റെ താരമാകുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിറങ്ങിയ റൗഫിന് ഇന്ത്യയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങേണ്ടിവന്നത് കനത്ത തിരിച്ചടിയായിരുന്നു.റൗഫിന് പിന്നാലെ നസീം ഷായും പരിക്കേറ്റ് പുറത്തായത് പാക് ടീമിനെ ദുര്‍ബലരാക്കി.വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് പാകിസ്താന്റെ ആദ്യ സന്നാഹ മത്സരം.ഹൈദരാബാദിലാണ് മത്സരം.