ചന്ദ്രനിൽ കാലുകുത്തി ഇന്ത്യ നേട്ടം സ്വന്തമാക്കിയത് മുന്നോട്ടുള്ള പാതയിൽ പ്രചോദനമാണ്. ഈ പ്രചോദനത്തിൽ നിന്ന് പുത്തൻ ദൗത്യങ്ങൾക്ക് പദ്ധതിയിടുകയാണ് ഇസ്രോ. ചന്ദ്രന് പിന്നാലെ ചൊവ്വയിലും ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ചുവന്ന ഗ്രഹത്തിലെ ലാൻഡിംഗ് സംബന്ധിച്ചുള്ള പദ്ധതിയുടെ ആശയം മനസിലുണ്ട്, എന്നാൽ പൂർണമായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ ദൗത്യം വിശാലമായി തയ്യാറാക്കുമെന്നും സോമനാഥ് പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പദ്ധതികളാണ് പ്രാരംഭഘട്ടത്തിലുള്ളത്. കാനഡയുമായി ചേർന്നുള്ള INSIST- CASTOR UV ആസ്‌ട്രോണമി മിഷനെ കുറിച്ചുള്ള ആലോചനകളും നടക്കുകയാണ്. വൈദ്യുത കാന്തിക വിരിരണങ്ങളെ കുറിച്ച് നടത്തുന്ന പരീക്ഷണമാണ് ദൗത്യം. ഐഎസ്ആർഒയുടെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര ദൗത്യമായ ആസ്‌ട്രോസാറ്റിലെ ഉപകരണങ്ങളേക്കാൾ 15 മടങ്ങ് മികച്ച സ്‌പേഷ്യൽ റെസല്യൂഷനോടെ അൾട്രാവയലറ്റ് സ്‌പെക്ട്രത്തിൽ പഠനം നടത്തുന്ന ഇന്ത്യയുടെ (INSIST) നേതൃത്വത്തിലുള്ള ഒരു സ്‌പെക്ട്രോസ്‌കോപ്പി പരീക്ഷണവും കാനഡയുടെ (CASTOR) നേതൃത്വത്തിലുള്ള ഒരു ഇമേജിംഗ് പരീക്ഷണവും ഈ ദൗത്യത്തിലുണ്ടാകും. ഒരേസമയം എക്‌സ്-റേ, ഒപ്റ്റിക്കൽ, യുവി സ്‌പെക്ട്രൽ ബാൻഡുകളിലെ ആകാശ സ്രോതസ്സുകൾ പഠിക്കാൻ ലക്ഷ്യമിടുന്നു.















