ന്യൂഡൽഹി: സാങ്കേതികവിദ്യകളിലും വിവിധ മേഖലകളിലും സ്വാശ്രയത്വം ഉറപ്പിക്കുന്നതിന് പുതിയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന രംഗത്ത്. ഒക്ടോബർ നാലിനാണ് നാവികസേന വികസിപ്പിച്ചെടുത്ത മാർഗരേഖകൾ പുറത്തിറക്കുന്നത്. ‘സ്വവ്‌ലംമ്പൻ’എന്ന വാർഷിക സെമിനാറിനിടെയാണ് റോഡ്മാപ്പ് പുറത്തിറക്കുന്നത്.
രണ്ട് ദിവസം നടക്കുന്ന കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നിരവധി നയപരമായ തീരുമാനങ്ങളും പുതിയ പ്രഖ്യാപനങ്ങളും സെമിനാറിൽ കൊണ്ടുവരുമെന്ന് നാവികസേന ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ് പറഞ്ഞു. ആത്മനിർഭര ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യൻ നാവികസേന സജ്ജമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നടന്ന ‘സ്വവ്ലംമ്പൻ’ സെമിനാറിൽ 75 സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാനും ആ ലക്ഷ്യം കൈവരിക്കാനും നാവികസേനയ്‌ക്ക് സാധിച്ചിരുന്നു. നാവികസേനയ്‌ക്ക് നിലവിൽ നിരവധി പദ്ധതികളുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള വിവിധ പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.