ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി ഉടക്കിട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ അഫ്ഗാന്റെ യുവതാരം നവീന്‍ ഉള്‍ ഹഖ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രഖ്യാപനം. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ നവീന്‍ കളിക്കളത്തിലും സോഷ്യല്‍ മീഡിയയിലും വിരാടുമായി കൊമ്പുകോര്‍ത്തിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള പോരാട്ടത്തിനിടെ വിരാട് കോഹ്‌ലിയുമായി കൊമ്പുകോര്‍ത്തത് വലിയ വിവാദമായിരുന്നു. മത്സരശേഷം കോഹ്‌ലിക്ക് ഹസ്തദാനം നൽകുമ്പോൾ ഇരുവരും വീണ്ടും വാക് പോര് നടത്തിയത്.
മാസങ്ങളായി അലട്ടുന്ന കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിനെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പരിക്കിനെ തുടര്‍ന്ന് നവീന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിച്ചിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടില്‍ നവീന്‍ ശസ്‌ക്രക്രിയക്ക് വിധേയനായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഏകദിന ക്രിക്കറ്റ് മതിയാക്കുന്നത്.
ടി20 ക്രിക്കറ്റിലായിരിക്കും ഇനി താന്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും കരിയര്‍ നീട്ടിയെടുക്കണമെങ്കില്‍ ഏകദിന ക്രിക്കറ്റ് ഉപേക്ഷിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും നവീന്‍ വ്യക്തമാക്കി. ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള കായികക്ഷമത തെളിയിക്കാനായത് ഭാഗ്യമാണെന്നും നവീന്‍ പറഞ്ഞു.2016-ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ താരം അരങ്ങേറിയത്. 7 ഏകദിനത്തില്‍ 25.42 ആവറേജില്‍ 14 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2021 മുതല്‍ താരം ഏകദിനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ് 24-വയസുകാരന്‍.
ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഏഴിന് ബംഗ്ലാദേശിനെതിരെയാാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. 11നാണ് ഇന്ത്യക്കെതിരായ അഫ്ഗാനിസ്ഥാന്റെ മത്സരം.ലോകകപ്പ് സന്നാഹമത്സരം കളിക്കാനായി തിരുവനന്തപുരത്തെത്തിയ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഭാഗമാണ് നവീന്.