തൃശൂർ: തളിയിൽ പുനഃപ്രതിഷ്ഠയ്‌ക്ക് തയ്യാറാകുന്ന കിരാത മൂർത്തി ക്ഷേത്രത്തിന്റെയും ഒപ്പം പ്രതിഷ്ഠിക്കുന്ന 108 ശിലവിംഗ പ്രതിഷ്ഠകളുടെയും രൂപരേഖ തയ്യാറായി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തമിഴ്-കേരള ക്ഷേത്ര നിർമ്മാണ ശൈലികൾ സംയോജിപ്പിച്ചാണ് ക്ഷേത്രത്തിന്റെ രൂപകൽപ്പന.
പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലിലായി 108 ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കും. പ്രധാന ശ്രീകോവിലിൽ കിരാതമൂർത്തി ഭാവത്തിലായിരിക്കും പ്രതിഷ്ഠ. ചുറ്റുമുള്ള ശ്രീകോവിലിൽ സൂര്യഭഗവാന്റെ പന്ത്രണ്ട് രാശികൾ അനുസരിച്ച് 12 ശ്രീകോവിലുകളും അതിൽ ഓരോന്നിലും എട്ട് ദിക്കുകളുടെ അധിപന്മരായി അഷ്ടഭൈരവ സങ്കൽപ്പത്തിൽ എട്ട് ശിലവിംഗങ്ങളും രുദ്ര സങ്കൽപ്പത്തിൽ ഒരു ശിവലിംഗവും പ്രതിഷ്ഠിക്കും. ഇത്തരത്തിലുള്ള 12 ശ്രീകോവിലുകളായി 108 വിഗ്രഹങ്ങൾ സ്ഥാപിക്കും. പ്രധാന ശ്രീകോവിൽ ഒഴികെയുള്ള 12 ശ്രീകോവിലിലെ 108 വിഗ്രഹത്തിലും ഭക്തർക്ക് നേരിട്ട് അഭിഷേകം ചെയ്യാൻ കഴിയും.
തൃശൂർ തെക്കേമഠത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം രൂപരേഖ തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്‌മാനന്ദ ഭൂതിയുടെ സാന്നിധ്യത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അരൻപണി ട്രസ്റ്റ് ചെയർമാൻ ഗണേശ് അയ്യർക്ക് നൽകി പ്രകാശനം ചെയ്തു.















