കണ്ണൂർ സ്ക്വാഡിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷം പങ്കുവെച്ച് നടൻ റോണി. നാല് വർഷത്തെ തന്റെ അദ്ധ്വാനമാണെന്ന് റോണി പ്രതികരിച്ചു. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം കണ്ണ് നിറഞ്ഞാണ് റോണി തിയേറ്ററിൽ നിന്ന് ഇറങ്ങിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രം എന്നതിലുപരി സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും റോണിയാണെന്ന പ്രത്യേകതയും കണ്ണൂർ സ്ക്വാഡിനുണ്ട്. സഹോദരനായ റോബി രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
‘കഴിഞ്ഞ നാലര വർഷത്തെ തന്റെ അദ്ധ്വാനമാണ് ഈ സിനിമ. ചിത്രം വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സാധാരണക്കാരായ പോലീസുകാരുടെ ജീവിതമാണ് സിനിമ പറയുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. എല്ലാവരും ഒരു പോലെ അദ്ധ്വാനിച്ചു. തിയേറ്ററിൽ നിന്ന് ചിത്രത്തിന് പ്രേക്ഷകരുടെ കൈയ്യടി കിട്ടുമ്പോൾ വളരെയധികം സന്തോഷമാണുള്ളത്- റോണി പറഞ്ഞു.
മുൻ കണ്ണൂർ എസ്പി എസ് ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായാണ് റോണി ചിത്രത്തിലെത്തുന്നത്. ‘മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം.