ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ജൂണിലുണ്ടായ ടൈറ്റൻ ജലപേടക ദുരന്തം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റൻ പിന്നീട് തകർന്നുവെന്ന വാർത്തയാണ് പുറത്ത് വന്നത്. അഞ്ച് യാത്രികരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. ഈ ദുരന്തത്തെ ആസ്പദമാക്കി ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
മൈൻഡ്‌റയറ്റ് എന്റർടൈൻമെന്റാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ. ബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ദുരന്തത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആദരവായിരിക്കും ചിത്രമെന്ന് ജോാനഥൻ പറഞ്ഞു. സത്യമാണ് വലുത്, ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാൻഡിക് സമുദ്രാന്തർ ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു ടൈറ്റൻ. എന്നാൽ ജൂൺ 18-ന് യാത്ര ആരംഭിച്ചതിന് പിന്നാലെ തന്നെ ടൈറ്റനുമായുള്ള ആശയവിനിമയം മാതൃപേടകത്തിന് നഷ്ടമായിരുന്നു. ആദ്യഘട്ടത്തിൽ ടൈറ്റനെ കുറിച്ചും യാത്രക്കാരെ കുറിച്ചും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. കടലിനടിയിലെ ശക്തമായ മർദ്ദത്തിൽ പേടകം ഉൾവലിഞ്ഞ് തകർന്നതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. ഓഷ്യൻഗേറ്റ് എക്‌പ്രെഡീഷൻസ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റൻ. ആഴക്കടലിലേക്കുള്ള പര്യവേഷണം അപടകരമായ പരീക്ഷണങ്ങളാണെന്ന് ടൈറ്റാനികിന്റെ സംവിധായകനും ആഴക്കടൽ പര്യവേഷകനുമായ ജെയിംസ് കാമറൂൺ മുന്നറിയപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇവർ യാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.