മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡിന് തിയേറ്ററുകളിൽ വൻ ജനപിന്തുണ. തിയേറ്ററിലെത്തിയ ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ചിത്രം ആറ് കോടിയാണ് കളക്ഷൻ നേടിയത്. ഓരോ ദിവസവും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ആദ്യ ദിനം കേരളത്തിൽ മാത്രം 2.40 കോടി നേടി ബോക്സ് ഓഫീസിൽ മികച്ച തുടക്കമിട്ടു. രണ്ടാം ദിവസം 2.75 കോടിയും മൂന്നാം ദിവസം 3.45 കോടിയുമായി കളക്ഷൻ കുതിച്ചു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി നിറഞ്ഞു നിൽക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണിത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന റോണി ഡേവിഡ് രാജിന്റെ തിരക്കഥയിൽ സഹോദരനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മുൻ കണ്ണൂർ എസ്പി എസ് ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം തയാറാക്കിയിരിക്കുന്നത്.
റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.