ഭാരതീയരുടെ ട്രെയിൻ സങ്കൽപ്പത്തിന് മാറ്റം കുറിച്ചത് വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെയായിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് വമ്പൻ ഹിറ്റാണ്. മികച്ച സൗകര്യങ്ങളും വേഗതയും വന്ദേ ഭാരതിലെ അനുഭവം മികവുള്ളതാക്കി. 34 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.
ലോകോത്തര സൗകര്യങ്ങൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് ട്രെയിനുകൾ. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുവഴി യാത്ര സമയം 25 ശതമാനം മുതൽ 45 ശതമാനം വരെ ലഘൂകരിക്കാനും കഴിയും. എല്ലാ കോച്ചുകളും ഓട്ടോമാറ്റിക് ഡോറുകൾ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം, ദിവ്യാംഗർക്കായി പ്രത്യേക സംവിധാനങ്ങൾ, വിനോദത്തിനായി ഓൺ-ബോർഡ് ഹോട്ട്‌സ്‌പോട്ട് വൈ-ഫൈ,മികച്ച ഇരിപ്പിടങ്ങൾ, ബയോ വാക്വം ടോയ്‌ലെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് വന്ദേ ഭാരതിലുള്ളത്. 16 എയർ കണ്ടീഷൻ കോച്ചുകളാണ് ട്രെയിനിലുള്ളത്.
ചെലവ് കുറഞ്ഞ യാത്ര യാത്ര ഉറപ്പുവരുത്തുന്ന സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ എന്നീ ക്ലാസുകൾ വന്ദേ സാധാരൺ ട്രെയിനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. വന്ദേഭാരത് എക്‌സ്പ്രസിന് സമാനമായ സൗകര്യങ്ങൾ ഇതിലുണ്ടാകുമെങ്കിലും എസി സർവീസ് ആയിരിക്കില്ല. ദിവ്യാംഗർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിങ്ങനെ ആകെ 24 കോച്ചുകൾ ഇതിനുണ്ടാകും. ഏതാനം കോച്ചുകളിൽ റിസർവേഷൻ ഉണ്ടാകുമെന്നും സൂചനയുണ്ട്. സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ, ഇൻഫോർമേഷൻ സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ എന്നിവയും വന്ദേ സാധാരണിൽ ഉണ്ടാകും. ഇരു വശത്തും ലോക്കോമോട്ടീവ് എൻജിനുകളും ഉണ്ടാകും.
നോൺ എസി ആയതിനാൽ വന്ദേ ഭാരതിന് സമാനമായ രീതിയിൽ വേഗത കൈവരിക്കാൻ ഇതിന് കഴിയില്ല. എന്നാൽ മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളെക്കാൾ വേഗത കൂടുതലുമായിരിക്കും. ഇന്റീരിയറിൽ വന്ദേ സാധാരണാകും മികച്ചതെന്നാണ് വിവരം. സാധാരണയിൽ സാധാരണക്കാർക്ക് വളരെ തുച്ഛമായ തുകയിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്ന സർവീസാണ് വന്ദേ സാധാരൺ. വന്ദേ അന്ത്യോദയ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ ഈ വർഷം അവസാനത്തോടെ ട്രക്കിലിറങ്ങുമെന്നാണ് വിവരം.
യാത്രക്കാർക്ക് വേഗമേറിയതും സൗകര്യപ്രദവുമായ യാത്ര നൽകുകയാണ് വന്ദേ ഭാരത് സ്ലിപ്പർ കോച്ചിന്റെയും ലക്ഷ്യം. ഒറ്റ രാത്രി കൊണ്ട് ഏറെ ദൂരം സഞ്ചരിക്കാൻ അനുവദിക്കുന്ന ട്രെയിനുകളാകും ഇത്. അതായത്, സാധാരണ വന്ദേ ഭാരതിനേക്കാൾ വേഗത കൈവരിക്കാൻ ശേഷിയുള്ളതാകും ഈ ട്രെയിനുകൾ. ദീർഘകാലാടിസ്ഥാനത്തിൽ രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ മാറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യം. വരുന്ന ഫെബ്രുവരിയോടെ ഇത് പുറത്തിറങ്ങുമെന്നാണ് വിവരം. പുതിയ ഡിസൈനിലാകും ഈ ട്രെയിനുകൾ ട്രക്കിലിറങ്ങുക.