തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് ഭക്തി നിർഭരമായി സുവാസിനി പൂജ. ചലച്ചിത്ര നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവാണ് പൂജയിൽ പീഠാരൂഢയായത്. പീഠത്തിലിരുത്തി പഞ്ച ഉപചാരങ്ങളോടെ മഹാദേവി സങ്കൽപത്തിലാണ് പൂജ നടത്തിയത്.
ലോകത്തിലെ മുഴുവൻ സ്ത്രീകളെയും ജഗദീശ്വരിയുടെ അംശമായി കണ്ട് ആദരിക്കുന്ന പൂജ, പാദം കഴുകിയാണ് തുടങ്ങിയത്. ജലം, ചന്ദനം, കുങ്കുമം, അക്ഷതപുഷ്പം എന്നിവകളെ കൊണ്ട് പഞ്ച ഉപചാരങ്ങളോടെ മഹാദേവി സങ്കല്പത്തിലുള്ള പൂജയാണ് ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരന്റെ മുഖ്യ കാർമികത്വത്തിൽ നടന്നത്. നൂറിലധികം അമ്മമാരുടെ ലളിതാസഹസ്രനാമ അകമ്പടിയോടെയായിരുന്ന പൂജ. പൂജയ്‌ക്ക് ശേഷം പൂജിച്ച് ഫല-പഴ വർഗങ്ങളും ദേവസ്ഥാനാധിപതി ഖുശ്ബുവിന് നൽകി. തുടർന്ന് കളംപാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള മഹാപൂക്കളവും നടന്നു.
സ്ത്രീയെ ദേവിയായി സങ്കൽപ്പിച്ച് പൂജിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രം. ഭാരതമെമ്പാടും ദുർഗ ലക്ഷ്മി സരസ്വതി എന്നീ മൂർത്തി ത്രയങ്ങൾ കൂടാതെ വിഭിന്ന ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്ന വിധവും ഉണ്ട്. അരൂപിയായ ഈശ്വരനെ സ്വരൂപിയായി ശ്രീ ലളിതാ പരമേശ്വരി സ്ത്രീ രൂപത്തിൽ ആരാധിക്കുന്നു എന്ന് മാത്രമല്ല സുവാസിനി പൂജ തുടങ്ങിയ ചടങ്ങിലൂടെ ലോകത്തെ സ്ത്രീകളെ മുഴുവൻ ജഗദീശ്വരിയുടെ അംശമായി കണ്ടു ആദരിക്കുന്നുവെന്നാണ് സുവാസിനി പൂജ അർത്ഥം ആക്കുന്നത്. .സ്ത്രീയെ ആരാധിച്ചിരുന്ന ഭാരതീയ സംസ്‌കാരത്തിന്റെ മഹത് സന്ദേശമാണ് സുവാസിനി പൂജയിലൂടെ പെരിങ്ങോട്ടുകര ദേവസ്ഥാനം ഉയർത്തിക്കാട്ടിയത്.