തൃശൂർ: അതിരപ്പിള്ളിയ്‌ക്ക് സമീപം കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കാട്ടാനയുടെ മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് ഒരു പോത്ത് ചത്തു. വെറ്റിലപ്പാറ സ്വദേശി അശോകന്റെ പോത്താണ് ചത്തത്. പ്ലാന്റേഷൻ കോർപ്പറേഷനിലെ ഇലട്രിക് പെൻസിലുകൾ പൊളിച്ചാണ് കാട്ടാനകൾ പ്രദേശത്തെത്തുന്നത്. ഇങ്ങനെ എത്തുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് വ്യാപമായ കൃഷിനാശം ഉണ്ടാക്കുന്നുണ്ട്. ഇവിടേയ്‌ക്ക് ഒറ്റയായും കൂട്ടമായും ആനകൾ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ദമ്പതികളും ലോട്ടറി കച്ചവടക്കാരനും തലനാരിഴയ്‌ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ വെറ്റിലപ്പാറ പോലീസ് സ്റ്റേഷനു സമീപമുള്ള സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ എത്തിയ ദമ്പതികളാണ് ആനയുടെ മുൻപിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.