ഇസ്ലാമാബാദ് : ആഗോള ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ പാകിസ്താനിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയി . ലഷ്കർ-ഇ-ത്വയ്ബയുടെ നേതാവും , പാക് ഭീകരൻ ഹാഫീസ് സയീദിന്റെ ഭാര്യാ സഹോദരനുമാണ് അബ്ദുൾ റഹ്മാൻ മക്കി. ഈ വർഷം ജനുവരിയിൽ യുഎൻ സുരക്ഷാ കൗൺസിൽ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു .
അജ്ഞാതർ തട്ടിക്കൊണ്ടുപോയ അബ്ദുൾ റഹ്മാൻ മക്കിയ്‌ക്കായി ഐഎസ് ഐ അടക്കം തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല . കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയിൽ കാണാതായിരുന്നു, പിന്നീട് ഇയാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു .
അബ്ദുൾ റഹ്മാൻ മക്കി ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരന്മാരിൽ ഒരാളാണ് . ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ഏറെ നാളായി ശ്രമിക്കുകയായിരുന്നു . യുഎൻഎസ്‌സിയിൽ ചൈന ആവർത്തിച്ച് ഇടപെട്ടെങ്കിലും ഈ വർഷം ജനുവരിയിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു .
മക്കി എന്നറിയപ്പെടുന്ന ഹാഫീസ് അബ്ദുൾ റഹ്മാൻ മക്കിക്ക് ലഷ്കർ-ഇ-ത്വയ്ബയിൽ ഗണ്യമായ സ്വാധീനമുണ്ട്. ലഷ്‌കറെ ത്വയിബയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. 2020-ൽ, പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദ ഫണ്ടിംഗ് കേസിൽ മക്കിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു .
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കിയാണ് . 6 ഭീകരർ ചെങ്കോട്ടയിൽ പ്രവേശിച്ച് സുരക്ഷാ സേനയ്‌ക്ക് നേരെ വിവേചനരഹിതമായി വെടിയുതിർത്ത സംഭവത്തിനു പിന്നിലും , 2008 ജനുവരി ഒന്നിന്, രാംപൂരിൽ ഒരു സിആർപിഎഫ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലും മക്കിയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു .