തിരുവനന്തപുരം: ശാർക്കരദേവി ക്ഷേത്രത്തിൽ അഴിമതി ആരോപണം. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായെത്തിയ വനിത തനിഷ്ടപ്രകാരം ഓരോ വഴിപാടുകൾക്കും ഫീസ് ഈടാക്കുന്നതായാണ് ഉയരുന്ന ആരോപണം. ഇതിന് പിന്നാലെ ക്ഷേത്ര വഴിപാടുകളിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി.
നേരത്തെ ചിറപ്പിന് 1,750 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ 12,500 രൂപ അടച്ച് രസീത് വാങ്ങണമെന്നാണ് പുതിയ നിർദ്ദേശം. 600 രൂപ അടച്ച് അഭിഷേകം നടത്തുന്നവർ ഇനി മുതൽ 3000 രൂപ കെട്ടിവെക്കണം. എഒയുടെ ഇഷ്ടത്തിന് പൂജാദ്രവ്യങ്ങൾ വാങ്ങി കൊടുക്കുമെന്നും കൂടുതൽ സാധനങ്ങൾ വേണമെന്ന് തോന്നുമ്പോൾ വഴിപാട് നടത്തുന്നവർ വാങ്ങിക്കൊള്ളണമെന്നുമാണ് നിർദേശം. ഇത്രയധികം തുക ഈടാക്കിയിട്ടും തുച്ഛമായ രീതിയിൽ പൂജാദ്രവങ്ങൾ വാങ്ങിയാണ് നൽകുന്നതെന്ന ആക്ഷേപവുമുണ്ട്. ഇത് ചോദ്യം ചെയ്ത് രംഗത്ത് എത്തുന്നവരെ പോലീസിനെ വിളിച്ച് കേസെടുപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നു.
ഐശ്വര്യപൂജ, അരവണ പ്രസാദം, മറ്റ് എല്ലാവിധ വഴിപാടുകൾക്കും അമിതമായി പണം ഈടാക്കുകയും ദേവസ്വത്തിൽ പൂജാദ്രവ്യങ്ങൾ വാങ്ങുന്ന പേരിൽ പണം സ്വന്തമായി വകമാറ്റുന്നതായും ഭക്തർ ആരോപിക്കുന്നു. എഒയെ ശാർക്കരയിൽ നിന്ന് മാറ്റണമെന്ന് ആവശപ്പെട്ട് ഭക്തർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കമ്മീഷണർ, ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് ഭക്തർ പറയുന്നു.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വകത്തിൽ ശാർക്കര എഒയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഭക്തർക്ക് അനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.















