മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ. സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്താൻ ഇന്ത്യക്കായി. നിലവിൽ 47-ാം സ്ഥാനത്താണ് രാജ്യം. ജപ്പാൻ,യുകെ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ മറികടന്നതായി ഇൻഡക്‌സ് റിപ്പോർട്ടിൽ പറയുന്നു. അതിവേഗ ഇന്റർനെറ്റ് അനുഭവം നൽകുന്നതിനായി അവതരിപ്പിച്ച 5ജിയുടെ വരവോടെയാണ് ഡൗൺലോഡ് സ്പീഡിൽ വമ്പൻ കുതിപ്പുണ്ടായത്.
5ജി ആരംഭിച്ചതിന് ശേഷം 3.59 മടങ്ങ് സ്പീഡാണ് വർദ്ധിച്ചത്. ഗണ്യമായ പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് മുകളിലാണ് ഇന്ത്യയുടെ റാങ്ക് എന്നതും നേട്ടമാണ്. 2022 സെപ്റ്റംബറിൽ 13.87 Mbps ആയിരുന്നു സ്പീഡ് എങ്കിൽ ഒരുവർഷങ്ങൾക്കിപ്പുറം 2023 ഓഗസ്റ്റിൽ 50.21 Mbps സ്പീഡിലേക്ക് കുതിച്ചുയർന്നു. ഒരു വർഷത്തിനിടെ 3.59 മടങ്ങായിട്ടാണ് വേഗത വർദ്ധിച്ചത്. കഴിഞ്ഞ വർഷം ഇൻഡക്‌സിൽ ഇന്ത്യ 119-ാം സ്ഥാനത്തായിരുന്നു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ മുൻനിര ഓപ്പറേറ്റർമാരുടെ 5ജി സാങ്കേതികവിദ്യയുടെ വിന്യാസം ടെലികോം രംഗത്ത് തന്നെ മാറ്റങ്ങൾക്ക് കാരണമായി. 4ജി ഉപയോക്താക്കളെ അപേക്ഷിച്ച് ഇന്ത്യയിലെ 5ജി ഉപയോക്താക്കൾ തങ്ങളുടെ നെറ്റ് വർക്ക് ഓപ്പറേറ്റർമാരെ സ്ഥിരമായി റേറ്റ് ചെയ്തതായി നെറ്റ് പ്രൊമോട്ടർ സ്‌കോർ തെളിക്കുന്നു. അതിവേഗ ഇന്റർനെറ്റ് ലഭ്യമാകുന്നതിനായി അവതരിപ്പിച്ച എയർഫൈബറും ഉപയോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചു.
ആഗോള തലത്തിൽ ഏറ്റവും അധികം ഡാറ്റ ഉപയോഗിക്കുന്നത് ഭാരതീയരാണെങ്കിലും 4ജി നെറ്റ് വർക്കുകളുടെ അപര്യാപ്ത നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജിയാണ്. മൊബൈൽ വേഗതയിലും സാങ്കേതിക പുരോഗതിയിലും ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നവരുടെ കൂട്ടത്തിൽ രാജ്യവും സ്ഥാനം പിടിച്ചു.