നിശ്ചയദാർഢ്യത്തിന്റെയും വേഗതയുടെയും കരുത്തിൽ പരുൾ ചൗധരി നേടിയത് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി സ്വർണം. ഫിനിഷിംഗിന് തൊട്ട് മുമ്പുളള 10 സെക്കൻഡിിലാണ് 5000 മീറ്ററിൽ പരുൾ സ്വർണം അണിഞ്ഞത്. 15:14.75 സെക്കൻഡിൽ ജപ്പാന്റെ റിരിക ഹിറോണകയെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ജപ്പാൻ താരം റിരിക 15:15.34 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രണ്ടാം സ്ഥാനത്തെത്തിയത്. കസാഖിസ്ഥാൻ താരത്തിനാണ് വെങ്കലം. ഏഷ്യൻ ഗെയിംസിൽ പരുളിന്റെ രണ്ടാമത്തെ മെഡലാണിത്. കഴിഞ്ഞ ദിവസം 3000 മീറ്റർ സ്റ്റിപിൽ ചേസിൽ താരം വെള്ളി മെഡൽ നേടിയിരുന്നു.
28 വയസ്സുളള താരം ഉത്തർപ്രദേശ് സ്വദേശിയാണ്. 800 മീറ്ററിൽ നിന്നാണ് പരുൾ പിന്നീട് 3000, 5000 ഇനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 5000, 3000 മീറ്ററുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരമിപ്പോൾ രാജ്യത്തിന്റെ അഭിമാനമാണ്. 2023 പരുളിന്റെ കരിയറിലെ സുവർണ വർഷമാണ്. ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുതിയ ദേശീയ റെക്കോർഡ് രചിച്ച പരുൾ പാരീസ് ഒളിമ്പിക്‌സിനുളള യോഗ്യതയും നേടിയിരുന്നു.