ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങളെന്ന് പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ. ചന്ദ്രയാൻ-3യുടെ വിജയത്തിലേക്കുള്ള യാത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനകരമാണ്. ദൗത്യങ്ങൾ പോലെ തന്നെ പരാജയങ്ങളെ ഭയപ്പെടരുതെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നും ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ വിജയകരമായ ചാന്ദ്രദൗത്യം, അതിന്റെ സാങ്കേതിക നേട്ടത്തിന് അപ്പുറം വിദ്യാർത്ഥി സമൂഹത്തെ ചിന്തിക്കാൻ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയങ്ങളെ നാം ഭയപ്പെടേണ്ടതില്ല. പരാജയപ്പെട്ടുവെന്ന് കരുതി കുഴപ്പവുമില്ല. എന്നാൽ പരാജയങ്ങളിൽ നിന്നും വീണ്ടും പഠിക്കുകയും 100 ശതമാനം ആത്മാർത്ഥതയോടെ വിജയിക്കുകയും വേണം. പുതുമയോടെ നിലനിൽക്കുന്നവരാകണമെന്നും പരിസ്ഥിതിയോട് ഇണങ്ങി പ്രവർത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ അശ്രാന്ത പരിശ്രമവും ഉറക്കമില്ലാത്ത രാത്രികളും അചഞ്ചലമായ വിശ്വാസവുമാണ് ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ-2 ദൗത്യത്തിൽ നേരിട്ട പ്രശ്‌നങ്ങൾ മറികടക്കുന്നതിനായി ഇസ്രോ ശാസ്ത്രജ്ഞർ ഒന്നിലധികം പരീക്ഷണങ്ങൾ വികസിപ്പിച്ചിരുന്നുവെന്ന് വീരമുത്തുവേൽ പറഞ്ഞു. അവാസന ഘട്ടത്തിലാണ് സോഫ്റ്റ് ലാൻഡിംഗുമായി ബന്ധപ്പെട്ട് പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ പാകത്തിന് ലാൻഡറിനെ രൂപകൽപ്പന ചെയ്തത്.
ചന്ദ്രനിൽ ജിപിഎസ് ഇല്ലാത്തതിനാൽ തന്നെ ചന്ദ്രയാൻ-3ന് ഭൂപ്രദേശവുമായി ബന്ധപ്പെട്ട നാവിഗേഷൻ സെൻസറുകൾ വഹിക്കേണ്ടത് അനിവാര്യമായിരുന്നു. ടച്ച്ഡൗണിന്റെ ആഘാതം എത്രമാത്രമെന്ന് വിലയിരുത്തുന്നതിനായി ഒന്നിലധികം ഭൂപ്രദേശങ്ങളിൽ ലാൻഡർ പരീക്ഷിച്ചിരുന്നു. പരന്ന ഭൂപ്രദേശം, മൃദുവായ ഭൂപ്രദേശം,സ്ലോപ്പി ഭൂപ്രദേശം എന്നിങ്ങനെ വിവിധ തലങ്ങളിൽ പരീക്ഷണം നടത്തി. പ്രാരംഭ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നിലനിന്നിരുന്നുവെങ്കിലും പരീക്ഷണങ്ങൾ കൂടുതൽ ആത്മവിശ്വാസം പകർന്നു. ഇതോടെയാണ് രാജ്യം ചന്ദ്രനിൽ എത്തിയതെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.