ന്യൂഡൽഹി: മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. ന്യൂസ്‌ക്ലിക്ക് പോർട്ടൽ ഫണ്ടിംഗ് കേസിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും എന്നാൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും അടുത്തിടെ 14 മാദ്ധ്യമപ്രവർത്തകർക്ക് വിലക്കെർപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യത്തെയും മാദ്ധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് പ്രസംഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന അനുകൂല പ്രചാരണത്തിന് പണം കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്ന് ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം ഫയൽ ചെയ്ത കേസിൽ ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കും അതിന്റെ മാദ്ധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു, ഇതിനെതിരെ കോൺഗ്രസ് പ്രതികരിച്ചതിന് തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൈനീസ് ധാരണ പത്രത്തിലൂടെ പണം സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്. ചൈനയിൽ നിന്ന് ലഭിക്കുന്ന തിരക്കഥയ്‌ക്ക് അടിസ്ഥാനത്തിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. 38 കോടിയിലധികം രൂപയാണ് നെവിൽ റോയ് സിങ്കം എന്ന വ്യക്തിയുടെ കയ്യിൽ നിന്ന് നിയമവിരുദ്ധമായി ലഭിച്ചത്. ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ ചൈനയുടെ പ്രതിഛായ വർദ്ധിപ്പിക്കാനും സുപ്രധാന വിഷയങ്ങളിൽ ഇന്ത്യൻ താത്പര്യങ്ങളെ തുരങ്കം വയ്‌ക്കാനും ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കാനുമാണ് ഈ പണം ഉപയോഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു.