തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസിൽ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര ഓഫീസിലെ റവന്യൂ ഇൻസപെക്ടർ അരുൺ കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പാണ് പരാതിക്കാരനായ ആൾ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് ഫ്‌ളാറ്റ് പരിശോധിക്കാനെത്തിയ റവന്യൂ ഇൻസ്‌പെക്ടർ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം തന്നാൽ നടപടികൾ വേഗത്തിലാക്കാമെന്നും ഇയാൾ പരാതിക്കാരനോടും ഭാര്യയോടും പറഞ്ഞു.
തുക ഓഫീസിലെത്തിക്കണമെന്നായിരുന്നു ഇൻസ്‌പെക്ടർ പറഞ്ഞിരുന്നത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിൽ അറിയിക്കുകയും പണം കൊടുക്കാനായി പരാതിക്കാരൻ ഓഫീസിൽഎത്തുകയും ചെയ്തു. പണം നൽകുന്നതിനിടയിൽ റവന്യു ഇൻസ്‌പെക്ടറെ വിജിലൻസും പോലീസും ചേർന്ന് പിടിക്കുകയായിരുന്നു. ഇയാളിൽ നിന്നും കണക്കിൽപ്പെടാത്ത 7,000 രൂപ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു.