പാലക്കാട്: ട്രെയിനിൽ കളിത്തോക്കു ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശിയായ അമിൻ ഷെരീഫ (19), കണ്ണൂർ സ്വദേശി അബദുൾ റഫീക്ക്(24), പാലക്കാട് സ്വദേശിയായ ജെബൽഷാ(18) , കാസർകോട് സ്വദേശിയായ മുഹമ്മദ് ജിന്നൻ (20) എന്നിവരാണ് തമിഴ്‌നാട്ടിൽ പിടിയിലായത്. പാലക്കാട്- തിരുചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
യുവാക്കൾ ട്രെയിനിൽ കയറുകയും കളി തോക്ക് ഉപയോഗിച്ച് മറ്റു യാത്രക്കാരെ ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു. തോക്കിൽ വെടിയുണ്ട നിറയ്‌ക്കുന്നതു പോലെ അഭിനയിക്കുകയും ട്രെനിലുള്ളവർക്കു നേരെ വെടിവെക്കുമെന്നും പറഞ്ഞ യുവാക്കൾ പരിഭ്രാന്തി പടർത്തിയതായി യാത്രക്കാർ പറഞ്ഞു. തുടർന്ന് യാത്രക്കാരിലൊരാൾ റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കൊടൈക്കനാൽ റോഡ് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനെത്തിയപ്പോൾ 20-ഓളം പോലീസുകാർ ചേർന്ന് പ്ലാറ്റ്‌ഫോം വളയുകയും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മധുരയിൽ നിന്നും രാമനാഥപുരത്തേക്ക് പോകാനായിരുന്നു യുവാക്കൾ പദ്ധതിയിട്ടതെന്നും സംഭവത്തിൽ നാലുപേരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.