ഏഷ്യൻ ഗെയിംസിൽ അമ്മയും മകളും രാജ്യത്തിനായി ഓരേ ഇനത്തിൽ ഓരേ മെഡൽ കരസ്ഥമാക്കി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ ചരിത്ര മൂഹൂർത്തം സമ്മാനിച്ചത് ഹാങ്‌ചോ ഏഷ്യൻ ഗെയിംസാണ്. വനിതാ വിഭാഗം 800 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഹർമിലൻ ബൈൻസ് ഓടിയെത്തിയത് അമ്മയുടെ നേട്ടത്തിനൊപ്പം. താരത്തിന്റെ അമ്മ മാധുരി സക്സേന 2002-ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ രാജ്യത്തിനു വേണ്ടി വെള്ളി നേടിയിരുന്നു.
ഇതേ ഇനത്തിൽ മകൾ ഹർലിനും എത്തിയതോടെ ചരിത്രമായിരിക്കുകയാണ് സംഭവം. 2:03.75 സെക്കൻഡിലാണ് ഹർമിലൻ രണ്ടാമതെത്തിയത്. നേരത്തെ, 1500 മീറ്ററിലും ഹർമിലൻ വെള്ളി നേടിയിരുന്നു. ഹർമിലന്റെ കുടുംബവും അത്ലറ്റിക് കുടുംബമാണ്. അച്ഛൻ അമൻദീപ് ബൈൻസ് 1500 മീറ്ററിൽ ദക്ഷിണേഷ്യൻ ഗെയിംസ് മെഡലിസ്റ്റ് ആണ്. 86 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. 21 സ്വർണവും 32 വെള്ളിയും 33 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 179 സ്വർണം സഹിതം 333 മെഡലുമായി ഒന്നാം സ്ഥാനത്ത് ചൈനയാണ്.