ഹെെദരാബാദ്: ഏഷ്യകപ്പിലെയും സന്നാഹമത്സരങ്ങളിലെയും തോൽവിക്ക് പകരം ചോദിക്കാൻ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ പാകിസ്താന് ബാറ്റിംഗിൽ തിരിച്ചടി. യോഗ്യത മത്സരം കടന്നെത്തിയ ഡച്ചുകാർക്ക് മുന്നിൽ പാകിസ്താന്റെ പേരുകേട്ട ബാറ്റർമാർ വെള്ളം കുടിക്കുന്നതാണ് കണ്ടത്. മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാൻ സാധിച്ചത്. ഒരു ഓവർ ബാക്കി നിൽക്കെ പാകിസ്താൻ 286 റൺസെടുത്ത് ഓൾ ഔട്ടാകുകയായിരുന്നു. 4 വിക്കറ്റ് നേടിയ ബാസ് ഡേ ലേഡേയാണ് പാകിസ്താന്റെ ബാറ്റിംഗ് നിരയെ തകർത്തത്.
ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 10 ഓവർ ആകുന്നതിന് മുമ്പേ 3 വിക്കറ്റുകൾ നഷ്ടമായി. ഫഖർ സമാൻ(12), ഇമാം ഉൾ ഹഖ്(15) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം വീണത്. പിന്നാലെ വൺ ഡൗണായി എത്തിയ ക്യാപറ്റൻ ബാബർ അസമിനും തിളങ്ങാനായില്ല. റൺസെടുക്കാൻ ബുദ്ധിമുട്ടിയ ബാബറിനെയാണ് പിന്നീട് ക്രീസിൽ കണ്ടത്. ടീം സ്‌കോർ 34ൽ നിൽക്കവെ ബാബർ അസമും പുറത്തായി. 18 പന്ത് നേരിട്ട് അഞ്ച് റൺസ് നേടിയാണ് ബാബർ പുറത്തായത്. കോളിൻ അക്കർമാന്റെ പന്തിൽ സാഖിബ് സുൽഫിഖറിന് ക്യാച്ച് നൽകിയായിരുന്നു ബാബറിന്റെ മടക്കം.
പിന്നീടെത്തിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് പാക് നിരയെ വൻ തോൽവിയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 75 പന്തിൽ 68 റൺസ് നേടിയ റിസ്വാനെ ബാസ് ഡേയാണ് കൂടാരം കയറ്റിയത്. പിന്നാലെ ഇഫ്തിക്കർ അഹമ്മദ്, ഷദാബ് ഖാൻ, ഹസൻ അലിയെന്നിവരെയും ബാസ് ഡേ പുറത്താക്കി. പിന്നീടെത്തിയ മുഹമ്മദ് നവാസ്(39), ഹാരിഫ് റൗഫ്് എന്നിവരെ കോളിൻ അക്കർമാൻ പുറത്താക്കി. ഷഹീൻ ഷാ അഫ്രീദിയാണ് പാക് നിരയിൽ പുറത്താകാതെ നിന്നത്.















