ടെൽ അവീവ്: ഗാസയിൽ നിന്നുള്ള ഹമാസിന്റെ ഭീകരാക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ മുൻ വക്താവ് ലെഫ്റ്റനന്റ് കേണൽ ജൊനാഥൻ കോൺറിക്കസ്. ഇസ്രായേലിൽ കാലുകുത്തിയ എല്ലാ ഹമാസ് ഭീകരരെയും കണ്ടെത്തി സൈന്യം നിഷ്പ്രഭമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനും അവരെ അയച്ചവർക്കുമുള്ള തക്കതായ മറുപടി നൽകും. അത് അവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണം തീർത്തും അപ്രതീക്ഷിതമായിരുന്നു. പ്രതിരോധവും പൊടുന്നനെ സ്തംഭിച്ച അവസ്ഥയിലായി. ഭീകരരെ തടയാൻ സൈന്യത്തിന് കഴിഞ്ഞില്ല. ഇത്തരം വിലയിരുത്തലുകളും വിമർശനങ്ങളും പിന്നീട് ചർച്ച ചെയ്യാൻ മാറ്റിവെക്കുകയാണ്. ഇപ്പോൾ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഭീകരരെ കണ്ടെത്തി നാമാവശേഷമാക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഇവിടേക്ക് കടന്ന ഹമാസ് ഭീകരരെ എത്രയും വേഗം കണ്ടെത്തി വകവരുത്തും. ഇസ്രായേൽ പൗരന്മാർക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ഹമാസ് താങ്ങാനാവുന്നതിലും അപ്പുറം വില നൽകേണ്ടി വരും. ഇസ്രായേലി പൗരന്മാർ ചോദ്യം ചെയ്യുകയും അതിന് ഉത്തരം പറയേണ്ടി വരികയും ചെയ്യുന്ന ഒരു സമയമുണ്ടാകും. ഇപ്പോൾ ഇസ്രായേലികളുടെ ജീവൻ സുരക്ഷിതമാക്കുന്നതിലും ആക്രമണത്തെ പ്രതിരോധിക്കുന്നതിലും ഭീകരരെ തുരത്തുന്നതിലുമാണ് ശ്രദ്ധിക്കുന്നത്.” ജൊനാഥൻ കോൺറിക്കസ് പറഞ്ഞു.
ഹമാസ് ഭീകരർ ചെയ്തത് അതിഗുരുതരമായ തെറ്റാണെന്നായിരുന്നു ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം. യുദ്ധം ആരംഭിച്ചുകഴിഞ്ഞുവെന്നും ഇസ്രായേലിന് വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ശത്രുവിന് കനത്ത പ്രഹരമേൽക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ നടന്ന ഹമാസ് ഭീകരാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം റോക്കറ്റുകൾ ഗാസയിൽ നിന്ന് തൊടുത്തുവിട്ടായിരുന്നു ഇസ്രായേലിനെ ഹമാസ് ആക്രമിച്ചത്.