കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവിനും ഭർത്താവിനുമെതിരെ വീണ്ടും പരാതി. നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43.4 ലക്ഷം രൂപയുടെ സ്വർണം വാങ്ങി കബളിപ്പിച്ചെന്നതാണ് ഇരുവർക്കുമെതിരായ പുതിയ കേസ്.
തലയോലപ്പറമ്പ് വടകരയിലെ ജ്വലറി ഉടമയാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ ഭാരവാഹിയായ കൃഷ്ണേന്ദുവും സിപിഎം നേതാവായ അനന്തനുണ്ണി എന്നിവർ പ്രോമിസറി നോട്ട് നൽകി കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തതായാണ് പരാതി നൽകിയിരിക്കുന്നത്. യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43 ലക്ഷം രൂപയുടെ സ്വർണം വാങ്ങി നാമമാത്രമായ തുക നൽകിയ ശേഷം ബാക്കി തുക നൽകാതെ കബളിപ്പിക്കുകയിരുന്നുവെന്നാണ് സ്വർണക്കട ഉടമയുടെ പരാതി. പ്രതികൾക്കെതിരായ അന്വേഷണത്തിൽ പോലീസ് മെല്ലപ്പോക്കാണെന്നാണ് ഉയരുന്ന ആരോപണം.
കൃഷ്ണേന്ദുവും സഹപ്രവർത്തക ദേവി പ്രജിത്തും ചേർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസും നിലനിൽക്കുന്നുണ്ട്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ഇരുവരെയും അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്നുള്ള ആരോപണം ഉയരുന്നുണ്ട്. എന്നാൽ രണ്ട് പേർക്കുമെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെന്നും ഇരുവർക്കും പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് സിപിഎം വിശദീകരണം. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ശക്തമാണെന്നുമാണ് പോലീസിന്റെ ന്യായീകരണം.