ന്യൂഡൽഹി: ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ (ഐഒആർഎ) മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനും കൊളംബോയിൻ ശ്രീലങ്കൻ ഭരണകർത്താക്കൾക്കൊപ്പം ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒക്ടോബർ 10,11,12 തീയതികളിൽ ശ്രീലങ്ക സന്ദർശിക്കും.
മന്ത്രിയുടെ ഈ വർഷത്തെ രണ്ടാം ശ്രീലങ്കൻ സന്ദർശനമാണിത്, ഈ വർഷം ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഇന്ത്യ സന്ദർശിച്ചിരുന്നു.
ഒക്ടോബർ 11 ന് നടക്കുന്ന ഐഒആർഎ യുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത് ശ്രീലങ്കയാണ്. 2023-25 ലെ റീജിയണൽ ഗ്രൂപ്പിന്റെ ഉപാദ്ധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കും. യോഗത്തിൽ ഐഒആർഎയുടെ സമീപകാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഭാവി സഹകരണത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. 2025-27 ലെ ഐഒആർഎ യുടെ അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഐഒആർഎ യും ഓസ്ട്രേലിയ, ബംഗ്ലാദേശ്, കൊമോറോസ്, ഫ്രാൻസ്, ഇന്തോനേഷ്യ, ഇറാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, ഒമാൻ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, തായ്ലൻഡ്, യുണൈറ്റഡ്, അറബ് എമിറേറ്റസ് എന്നിവ ഉൾപ്പെടെയുള്ള 23 അംഗ രാജ്യങ്ങളും ഇന്ത്യൻ മഹാസമുദ്ര മേഖലയ്‌ക്കുള്ളിൽ സുസ്ഥിര വളർച്ചയും സന്തുലിത വികസനവും പ്രോത്സാഹിപ്പിക്കും.
വിക്രമസിംഗെയുടെ സന്ദർശന വേളയിൽ ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഉൾപ്പെടെയുള്ള സമുദ്ര, വ്യോമ, ഊർജ, സാമ്പത്തിക കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള പുതിയ സാമ്പത്തിക പങ്കാളിത്തം ഇന്ത്യയും ശ്രീലങ്കയും അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും (എൻഐപിഎൽ) ലങ്ക പേയും തമ്മിലുള്ള കരാറടിസ്ഥാനത്തിൽ, നടപടിക്രമങ്ങൾ പൂർത്തിയായാൽ വർഷാവസാനത്തോടെ യുപിഐ ശ്രീലങ്കയിലും അംഗീകരിക്കപ്പെടും.















