തിരുവനന്തപുരം: ഹമാസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ വെള്ളപൂശാനും തീവ്രവാദ പ്രവർത്തനത്തെ സ്വാതന്ത്ര്യ സമരപോരാട്ടമായി ചിത്രീകരിക്കാനും ഒരുങ്ങി എസ്ഡിപിഐ. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിന്റെ തെരുവുകളിൽ സംഗമങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇസ്ലാമിസ്റ്റ് സംഘടന. ഒക്ടോബര്‍ 13 വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പ്രസ്താവനയിറക്കി.
പിറന്ന നാടിന്റെ മോചനത്തിനായി പോരാടുന്നവരാണ് പാലസ്തീന് ജനത. പാലസ്തീന് മണ്ണില്‍ അനധികൃതമായി കടന്നുകയറി തദ്ദേശീയരെ ആട്ടിയിറക്കുകയും ചെറുത്തുനില്ക്കുന്നവരെ അടിച്ചമര്‍ത്തിയുമാണ് സയണിസം മുന്നോട്ടുപോകുന്നത്. കുടിവെള്ളവും അവശ്യമരുന്നുകളും വൈദ്യുതിയും തടഞ്ഞ് കടുത്ത ഉപരോധത്തിലൂടെ ഒരു ജനതയെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുകയാണ് ഇസ്രായേല്‍ ഭരണകൂടം. രാജ്യാന്തര സമാധാന ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറുകളും സമാധാന വ്യവസ്ഥകളും കാറ്റില്‍പ്പറത്തി പാലസ്തീന് ജനതയെ പിറന്ന മണ്ണില്‍ അഭയാര്ഥികളാക്കിയിരിക്കുകയാണ്.
സൈനീക ഇടപെടലുകളിലൂടെ ദിനേനയെന്നോണം പാലസ്തീനിലെ സിവിലിയന്മാരെ ഉള്‍പ്പെടെ കൊന്നൊടുക്കുകയും തടവിലാക്കുകയുമാണ്. പൊറുതി മുട്ടിയ പാലസ്തീന് ജനത നടത്തുന്ന അതിജീവന പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് എസ്ഡിപിഐയുടെ അവകാശവാദങ്ങൾ. രക്തച്ചൊരിച്ചിലുകള്‍ക്കും കൂട്ടക്കുരുതികള്‍ക്കും പൂര്‍ണ ഉത്തരവാദി ഇസ്രായേല്‍ ഭരണകൂടമാണെന്നും പാലസ്തീന് ജനത നടത്തുന്നത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളാണെന്നും പറഞ്ഞ് ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിക്കുകയാണ് എസ്ഡിപിഐ.