ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് എം. സ്വരാജ്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച കെ.കെ ശൈലജയുടെ പോസ്റ്റ് പാർട്ടിക്കിടയിൽ തന്നെ വലിയ വിവാദമുയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഹമാസിന്‌റെ കൂട്ടക്കുരുതിയെ മഹത്വവത്കരിച്ച് സിപിഎം നേതാവ് എം. സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ വാക്കുകൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
“ഏത് യുദ്ധവും എതിർക്കപ്പെടേണ്ടതാണെങ്കിലും പാലസ്തീനെ തള്ളിപ്പറയുകയില്ല. ഒരിക്കൽ കൂടി ഉറപ്പിച്ചുപറയുന്നു, പാലസ്തീനികൾ ഇതുവരെ എന്തുചെയ്തിട്ടുണ്ടെങ്കിലും, ഇനിയങ്ങോട്ട് എന്ത് ചെയ്താലും അവർ നിരപരാധികളാണ്. ” എന്ന് സ്വരാജ് വ്യക്തമാക്കി. അതിക്രൂരമായ രീതിയിൽ ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഹമാസ് ഭീകരതയ്‌ക്കെതിരെ രംഗത്ത് വരികയും ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഭീകരതയെ മറയില്ലാതെ പിന്തുണച്ചുകൊണ്ടുള്ള സ്വരാജിന്റെ നിലപാട്.
കുഞ്ഞുങ്ങളുടെ തലയറുത്തും ബന്ദികളെ അരിഞ്ഞുവീഴ്‌ത്തിയും ഭീകരതയുടെ ഏറ്റവും പൈശാചികമായ മുഖമാണ് ഹമാസ് കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടിയത്. ഇസ്രായേലിനെ തകർക്കുക എന്നത് പ്രാരംഭ നടപടി മാത്രമാണെന്നും ഈ ലോകത്തെ മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴിലാക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഹമാസ് ഭീകരർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാലസ്തീൻ ഭീകര സംഘടനയുടെ കണ്ണില്ലാത്ത ക്രൂരതയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്ന സ്വരാജിന്റെ വാക്കുകൾ എന്നതാണ് ശ്രദ്ധേയം.