ലക്‌നൗ: ഓസ്‌ട്രേലിയയുടെ ലോകകപ്പ് മോഹങ്ങൾക്ക് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക. 134 റൺസിന് ഓൾ റൗണ്ട് മികവിലാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകർത്തത്. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ തോൽവിയുമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 40.5 ഓവറിൽ 177 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മർനസ് ലാബുഷെയ്‌ന് (46) മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ തിളങ്ങാനായത്. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ക്വിന്റൺ ഡി കോക്കും ക്യാപ്റ്റൻ ടെമ്പ ബവുമയും ചേർന്ന ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 108 റൺസ് നേടി. 19-ാം ഓവറിലെ നാലാം പന്തിൽ ഗ്ലെൻ മാക്സ്വെൽ ബാവുമയുടെ വിക്കറ്റ്് സ്വന്തമാക്കി. വാൻ ഡെർ ഡുസനാണ് വൺ ഡൗണായി ഇറങ്ങിയത്. 30 പന്തിൽ നിന്ന് 26 റൺസ് നേടിയ ഡുസനെ 29-ാം ഓവറിൽ ആദം സാംപ പുറത്താക്കി.
30-ാം ഓവറിൽ ഡി കോക്ക് 90 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു. ലോകകപ്പിലെ താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 35-ാം ഓവറിൽ ഡി കോക്കിനെ പുറത്താക്കി ഗ്ലെൻ മാക്സ്വെൽ ഓസീസിന് ബ്രേക്ക്ത്രൂ നൽകി. ഡി കോക്ക് (109) കൂടാരം കയറിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 197 ആയിരുന്നു.
പിന്നീടിറങ്ങിയ ഹെന്റിച്ച് ക്ലാസനെ സാക്ഷിയാക്കി മാർക്രം അർദ്ധസെഞ്ച്വറി തികച്ചു. ഇതിന് പിന്നാലെ 43-ാം ഓവറിൽ മാർക്രത്തെ പാറ്റ് കമ്മിൻസ് ജോഷ് ഹേസൽവുഡിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ക്ലാസനെയും ഹേസൽവുഡ്് കൂടാരം കയറ്റി. പിന്നീട് ഡേവിഡ് മില്ലറും മാർകോ ജാൻസെനും ദക്ഷിണാഫ്രിക്കയെ 300 കടത്തി. ജാൻസെൻ (26) മില്ലർ (17) എന്നിവരും മടങ്ങി. കഗിസോ റബാദയും (0) കേശവ് മഹാരാജയും (0) പുറത്താവാതെ നിന്നു.