സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയാണ് ഇപ്പോൾ ചർച്ച. ഇന്ത്യ-പാക് പോരാട്ടം എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആവേശമാണ്. ലോകകപ്പ് മത്സരത്തിൽ ഇരു ടീമും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അഹമ്മദാബാദിലാണ് ഇന്ത്യ-പാക് മത്സരം നടക്കുന്നത്. ഇതിനിടെ ജസ്പ്രീത് ബുമ്ര മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ‘ഇന്ത്യാ–പാകിസ്താന്‍ മത്സരത്തിനല്ല താൻ പ്രധാന്യം നൽകുന്നത്, അമ്മയെ കാണുന്നതിനാണ് തന്റെ പ്രഥമ പരിഗണന’ എന്ന് ബുമ്ര പറഞ്ഞതായാണ് വാർത്തകൾ. എന്നാൽ ഇത് സത്യമോ?
ദേശീയ മാദ്ധ്യമങ്ങൾ മാത്രമല്ല, പല മലയാള മാദ്ധ്യമങ്ങളും ഇന്ത്യാ–പാക് മത്സരത്തിന് താൻ പ്രാധാന്യം നൽകുന്നില്ല എന്ന് ജസ്പ്രീത് ബുമ്ര പറഞ്ഞതായാണ് വാർത്ത നൽകിയിരിക്കുന്നത്. എന്നാൽ സത്യമെന്തന്നാൽ ഇന്ത്യ-പാക് മത്സരത്തെപ്പറ്റി അദ്ദേഹം സംസാരിച്ചിട്ടില്ല എന്നതാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മാദ്ധ്യമ പ്രവർത്തകരിൽ ഒരാളുടെ ചോദ്യം വരുന്നത്. ‘ഹോം ഗ്രൗണ്ടിലേക്കല്ലേ പോകുന്നത്, എന്താണ് താങ്കൾക്ക് അനുഭവപ്പെടുന്നത്’- എന്നതായിരുന്നു മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യം. അതിനുള്ള ഉത്തരമാണ് ബുമ്ര നൽകിയത്.
‘വീട്ടിൽ നിന്ന് ഏറെ കാലമായി മാറി നിൽക്കുകയാണ്. അഹമ്മദാബാദിൽ എത്തുമ്പോൾ അമ്മയെ കാണാൻ സാധിക്കും. അതിൽ അതിയായ സന്തോഷമുണ്ട്. അതിനാണ് പ്രഥമ പരിഗണന. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞാന്‍ ഏകദിനം കളിച്ചിട്ടില്ല. എന്നാല്‍ ടെസ്റ്റ് കളിച്ചിട്ടുണ്ട്. അവിടുത്തെ അന്തരീക്ഷം വിസ്മയിപ്പിക്കുന്നതാവും. ഒരുപാട് ആളുകള്‍ കളി കാണാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാണേണ്ട കാഴ്ച തന്നെയാവും’- എന്നതായിരുന്നു ജസ്പ്രീത് ബുമ്ര നൽകിയ ഉത്തരം.
ചോദ്യ കർത്താവ് ഇന്ത്യ-പാക് മത്സരത്തെപ്പറ്റി ചോദിക്കുന്നുമില്ല, ‘ഇന്ത്യാ–പാകിസ്താന്‍ മത്സരത്തിനല്ല താൻ പ്രധാന്യം നൽകുന്നത്’ എന്ന് ബുമ്ര ഉത്തരം നൽകുന്നുമില്ല. അഹമ്മദാബാദിൽ കളിക്കാൻ പോകുന്നതിനെപ്പറ്റി മാത്രമാണ് ചോദ്യവും ഉത്തരവും. ഇതാണ് മാദ്ധ്യമങ്ങളിൽ ‘ഇന്ത്യാ–പാകിസ്താന്‍ മത്സരത്തിനല്ല താൻ പ്രധാന്യം നൽകുന്നത്, അമ്മയെ കാണുന്നതിനാണ് തന്റെ പ്രഥമ പരിഗണന’ എന്ന തരത്തിൽ ബുമ്ര പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്നത്.