അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളിലെ എൽ ക്ലാസികോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു 2003ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ മത്സരം. ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ സയ്യിദ് അൻവറുടെ സെഞ്ച്വറി കരുത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 273 റൺസടിച്ചപ്പോൾ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പേറി. കാരണം ലക്ഷ്യം മറികടക്കാൻ എതിരിടേണ്ടത് വസീം അക്രവും വഖാർ യൂനിസും ഷൊയൈബ് അക്തറും അബ്ദുൾ റസാഖും അടങ്ങുന്ന പാക് പേസ് നിരയെ ആയിരുന്നു. എന്നാൽ ഈ ചങ്കിടിപ്പിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ്.
ഇന്ത്യക്കായി ഓപ്പണിംഗിനിറങ്ങിയ സച്ചിൻ തെണ്ടുൽക്കറും വീരേന്ദർ സെവാഗും ചേർന്ന് ഇന്ത്യയെ നിലംപരിശാക്കുമെന്ന് മത്സരത്തിന് മുമ്പ് വെല്ലുവിളിച്ച ഷൊയൈബ് അക്തറെ തിരഞ്ഞുപിടിച്ച് ബാറ്റിംഗിൽ സംഹാരതാണ്ഡവം നടത്തിയപ്പോൾ ഇന്ത്യ 6 ഓവറിൽ 53 റൺസ് നേടി. എന്നാൽ സെവാഗിനെയും ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കി വഖാർ യൂനിസ് ഇന്ത്യക്ക് കനത്ത് പ്രഹരം നൽകി. എങ്കിലും അടിച്ചുതകർത്ത സച്ചിൻ 75 പന്തിൽ 98 റൺസടിച്ച് സെഞ്ച്വറിക്ക് രണ്ട് റൺസകലെ ഷൊയൈബ് അക്തറിന്റെ പന്തിൽ വീണെങ്കിലും കൈഫും യുവരാജും ദ്രാവിഡും ചേർന്ന്
ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
അന്ന് ലോകകപ്പിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന ബഹുമതിയാണ് സച്ചിന് രണ്ട് റൺസകലെ നഷ്ടമായത്. 2015ലെ ലോകകപ്പ് വരെയാണ് പിന്നീട് ഈ നേട്ടം കൈവരിക്കാൻ ഇന്ത്യ കാത്തിരുന്നത്. ഇതിനിടെ 2007ൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായതിനാൽ ഇന്ത്യ-പാക് പോരാട്ടമുണ്ടായില്ല. 2011ലാകട്ടെ സച്ചിൻ 85 റൺസിൽ വീണു. വിരാട് കോഹ്ലിയാണ് പാകിസ്താനെതിരെ നടന്ന ലോകകപ്പിൽ ഓസ്‌ട്രേലിയയിൽ വച്ച് ആ നേട്ടം സ്വന്തമാക്കിയത്. 126 പന്തിൽ 107 റൺസായിരുന്നു കോഹ്ലിയുടെ നേട്ടം. 113 പന്തിൽ 140 റൺസടിച്ച് കഴിഞ്ഞ ലോകകപ്പിൽ രോഹിത് ശർമ്മ കോഹ്ലിയുടെ നേട്ടം ആവർത്തിച്ചു. കോഹ്ലി ആ മത്സരത്തിൽ 77 റൺസടിച്ചിരുന്നു. ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യയിന്ന് പാകിസ്താനെതിരെ ഇറങ്ങുമ്പോൾ ആരുടെ ബാറ്റിൽ നിന്നാകും സെഞ്ച്വറി പിറക്കുക എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്.















