കോഴിക്കോട്: കേസരി ഭവനിൽ സാരസ്വതാർച്ചനയും അലങ്കാര പൂജയും നടന്നു. നാളെയാരംഭിക്കുന്ന നവരാത്രി സർഗോത്സവത്തിന്റെ ഭാഗമായാണ് സാരസ്വതാർച്ചനയും അലങ്കാര പൂജയും നടത്തിയത്. വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും പഠനമികവിനുമായാണ് സാരസ്വതാർച്ചന നടത്തിയത്. ഒൻപത് ദിവസം നീണ്ട് നിൽക്കുന്ന ദേവി പൂജയ്‌ക്കൊടുവിൽ സാരസ്വതഘൃതവും വിദ്യാർത്ഥികൾക്ക് നൽകും.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ അർച്ചകനായ വിഘ്‌നേഷ് അഡിഗയാണ് പൂജയ്‌ക്ക് നേതൃത്വം നൽകിയത്. കുട്ടികളും അമ്മമാരുമടക്കം ആയിരത്തോളം പേർ സാരസ്വത പൂജയുടെ ഭാഗമായി. രജിസ്റ്റർ ചെയ്തവർക്കെല്ലാം പൂജിച്ച പഠനോപകരണങ്ങളും പ്രസാദവും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും പഠനമികവിനും സാരസ്വതാർച്ചന സഹായിക്കുമെന്ന് കേസരി മുഖ്യ പത്രാധിപരായ എൻആർ മധു പറഞ്ഞു.
ഒക്ടോബർ 22 ദുർഗാഷ്ടമി ദിനത്തിൽ വൈകിട്ട് 6.15 മുതൽ കേസരിയിലെ സരസ്വതി മണ്ഡപത്തിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്‌ക്ക് വയ്‌ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 24-ന് വിജയദശമി ദിനത്തിൽ രാവിലെ 7.20ന് വിദ്യാരംഭ ചടങ്ങുകളും ആരംഭിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരായ വ്യക്തികൾ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകും.















