തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കെത്തുന്ന ആദ്യ കപ്പൽ കാണാൻ പൊതുജനങ്ങൾക്കും അവസരം. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുറമുറഖത്തേക്ക് എത്തുന്ന കപ്പൽ കാണാനും പരിപാടിയിൽ പങ്കെടുക്കാനും ജനങ്ങൾക്ക് സാധിക്കും.
പങ്കെടുക്കുന്നവർ മൂന്ന് മണിയ്ക്ക് മുമ്പായി തുറമുഖത്ത് എത്തണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത് സുരക്ഷ പരിശോധനകൾക്ക് ശേഷം തുറമുഖത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം ഏർപ്പെടുത്തിയ വാഹനത്തിൽ സദസിലേക്ക് എത്തിക്കുമെന്നും തുറമുഖ വ്യവസായ വകുപ്പ് അറിയിച്ചു.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാഡിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വിഴിഞ്ഞത്തേക്കും ആറ് മണി മുതൽ തിരിച്ചും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങൾ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ചും ചടങ്ങിൽ പങ്കെടുക്കണമെന്ന് തുറമുഖ വകുപ്പ് വ്യക്തമാക്കി.