തെന്നിന്ത്യൻ സിനിമലോകവും സൂര്യ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിനെ കുറിച്ച് ലഭിക്കുന്ന ഓരോ വാർത്തകളും ആരാധകർക്ക് ആവേശമാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ബാല. കങ്കുവയുടെ സംവിധായകൻ സിരുത്തൈ ശിവയുടെ സഹോദരനാണ് താരം. ഒരു അഭിമുഖത്തിലാണ് ബാല സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.
കങ്കുവ ഒരു പാൻഇന്ത്യൻ സിനിമയായിരിക്കുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം ഹോളിവുഡ് റേഞ്ചിലാണ് ഒരുക്കുന്നതെന്നാണ് ബാലയുടെ വാക്കുകൾ. കൂടാതെ ചിത്രം ത്രീഡി ഫോർമാറ്റിലും പ്രദർശനത്തിന് എത്തുമെന്നാണ് താരം അവകാശപ്പെടുന്നത്. ചിത്രത്തെ കുറിച്ച് ബാലയുടെ വാക്കുകൾ ഇങ്ങനെ..
‘കങ്കുവ ടെക്‌നിക്കലി ഹൈ അഡ്വാൻസ്ഡ് സിനിമയാണ്. ഹോളിവുഡ് റേഞ്ചിലാണ് ചിത്രം എടുത്തിരിക്കുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ചിത്രത്തിൽ ത്രീഡിയുമുണ്ട്. പാൻ ഇന്ത്യൻ ചിത്രമാണ്. 14 ഓളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ത്രീഡിയിൽ ഇത്രയും ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് കങ്കുവ. ഒരു ഗംഭീര സിനിമയായിരിക്കും കങ്കുവ’, എന്നും ബാല പറഞ്ഞു.