ഡൽഹി: ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നാണംകെട്ട പരാജയം. ഇംഗ്ലണ്ടിനെ അട്ടിമറിച്ച് 69 റൺസിന് അഫ്ഗാനിസ്ഥാൻ വിജയിച്ചു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. 2015ലെ ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് അഫ്ഗാന്റെ ഇതിന് മുമ്പുള്ള ഏക വിജയം. അതിനാൽ തന്നെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഈ പരാജയം നാണക്കേടാണ് സമ്മാനിക്കുന്നത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിസാരമായി തോൽപ്പിക്കാം എന്ന് വിചാരിച്ച ഇംഗ്ലണ്ടിനെ അഫ്ഗാൻ ഓപ്പണർമാർ ഞെട്ടിക്കുകയായിരുന്നു. റഹ്മാനുള്ള ഗുർബാസാണ് അഫ്ഗാന്റെ ടോപ് സ്കോറർ. വെടിക്കെട്ട് തീർത്ത് 57 പന്തിൽ നിന്നും 80 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. ഇക്രം അലിഖിൽ(66 പന്തിൽ നിന്നും 58), മുജീബ് ഉർ റഹ്മാൻ(16 പന്തിൽ 28) എന്നിവരാണ് അഫ്ഗാന്റെ മറ്റ് ഉയർന്ന സ്കോറർമാർ. 284 റൺസ് എടുത്ത് അഫ്ഗാൻ ടീം ഓൾ ഒട്ട് ആകുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പാളി. വെറും 2 റൺസുമായി ജോണി ബെയർസ്റ്റോ ക്രീസിൽ നിന്നും വിടവാങ്ങിയതോടെ അഫ്ഗാന്റെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. ഹാരി ബ്രൂക്കാണ് ( 61 പന്തിൽ 66) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഡേവിഡ് മലൻ (32), ആദിൽ റഷീദ്(20) എന്നിവരും ഇംഗ്ലണ്ടിന് റൺ സമ്മാനിച്ചു. എന്നാൽ ബൗളിംഗ് കരുത്തിലൂടെ 215 റൺസിൽ ഇംഗ്ലണ്ടിനെ അഫ്ഗാൻ ടീം ഓൾ ഔട്ട് ആക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാനും, റാഷിദ് ഖാനും 3 വിക്കറ്റ് വീതവും മുഹമ്മദ് നബി രണ്ടും നവീൻ ഉൾ ഹഖും ഫസൽഹഖ് ഫാറൂഖിയും ഓരോ വിക്കറ്റ് വീതവും എടുത്തു.















