കെയ്‌റോ: അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസ് ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കെയ്‌റോ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് ഭീകരാക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാനുളള ശേഷി ഇസ്രായേലിനുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കാനും സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയുമാണ് എന്റെ വരവിന് പിന്നാലെ പ്രഥമ ലക്ഷ്യം. ഹമാസ് ഭീകരർ ബന്ദികളാക്കി വച്ചിരിക്കുന്ന അമേരിക്കക്കാർ ഉൾപ്പെടെയുളളവരുടെ മോചനവും, മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ബ്ലിങ്കൻ പറഞ്ഞു.
അതേസമയം, ഹമാസ് ഭീകരർക്കെതിരെയുള്ള ഇസ്രായേലിന്റെ തിരിച്ചടി തുടരുന്നതിനിടെ ഹമാസിനെ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ പ്രതിരോധസേനക്ക് പിന്നിൽ രാജ്യത്തെ ജനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.