കന്നി രാശിയിൽ നിന്നും 0 നാഴിക 2 വിനാഴിക ചെല്ലുമ്പോൾ തുലാം രാശിയിലേക്ക് സൂര്യൻ അനിഴം നക്ഷത്രത്തിൽ സംക്രമിക്കുന്നു. ഗ്രഹനില പ്രകാരം, മേടം രാശിയിൽ രാഹുവും വ്യാഴവും ചിങ്ങം രാശിയിൽ ശുക്രനും കന്നിയ രാശിയിൽ ബുധനും തുലാം രാശിയിൽ സൂര്യനും കേതുവും കുജനും കുംഭം രാശിയിൽ ശനിയും സഞ്ചരിക്കുന്നു.
ശ്രദ്ധിക്കുക: വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
വരവിനേക്കാൾ ചെലവ് കൂടുന്ന സമയം ആണ്. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. നാഡി സംബന്ധമായും ഉദര സംബന്ധമായും പ്രശ്നങ്ങൾ വരും. കുടുംബത്തിൽ ഉള്ളവർക്ക് മരണമോ സമാനമായ അവസ്ഥയോ സംജാതമാകും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ വിദഗ്‌ദ്ധമായ ഉപദേശം തള്ളിക്കളയാതെ അവ ചെവികൊണ്ടൽ ഗുണം ചെയ്യും. മനസ്സിൽ ആഗ്രഹിച്ച പോലെയുള്ള നവീന ഗൃഹം, വാഹനയോഗം, സന്താനയോഗം എന്നിവ വരുന്ന സമയം ആണ്. പ്രസാധകരെ സംബന്ധിച്ച് അവരുടെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ പറ്റും. സ്ത്രീകൾ മൂലം അപമാനം കേൾക്കാൻ സാധ്യത ഉണ്ട് . അന്യസ്ത്രി, പരസ്ത്രീ ബന്ധം എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയുക.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഉദ്യോഗാർത്ഥികൾക്ക് വിദേശയാത്രാവാസം അനുഭവത്തിൽ വരും. അപ്രതീക്ഷിതമായി തൊഴിൽ മാറ്റം വരാൻ സാധ്യത ഉണ്ട്. ഭാഗ്യത്തിന്റെ രൂപത്തിൽ ദൈവാനുഗ്രഹം അനുഭവപ്പെടും. മുൻകോപം ഒഴിവാക്കുന്നത് ഗുണം ചെയ്യും, ക്ഷമാശീലം വളർത്തേണ്ട കാലം ആണ്. തൊഴിൽ വിജയവും ഉയർന്ന സ്ഥാന ലാഭവും ശത്രുക്കളുടെ മേൽ വിജയവും കുടുംബ സുഖവും സാമ്പത്തീക ലാഭവും പ്രതീക്ഷിക്കാം. രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കും. കലാകാരന്മാർക്ക് പേരും പ്രശസ്‌തിയും ലഭിക്കും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവും. ശത്രുശല്യം വർദ്ധിക്കുകയും മനസമാധാനം നഷ്ടപെടുകയും ചെയ്യും. ശരീര ശോഷണം അനുഭവപ്പെടുകയും ആരോഗ്യം കുറഞ്ഞു ചില അസുഖങ്ങൾ രൂപപ്പെടുകയും ചെയ്യും. തൊഴിൽ മേഖലയിൽ വളരെ ക്ലേശങ്ങൾ ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. ചിലർക്ക് കേസ് വഴക്കു മൂർച്ഛിച്ചു കാരാഗ്രഹ വാസം വരെ ഫലം വന്നേക്കാം. തീരുമാനങ്ങളിൽ ഉറച്ചു നില്കാത്തതുകൊണ്ടു പല അവസരങ്ങളും നഷ്ടപ്പെടും. സാമ്പത്തീക കാര്യങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
മാതൃ സ്ഥാനത്തു ഉള്ളവർക്ക് ക്ലേശം വർദ്ധിക്കുകയും മരണസമാന അവസ്ഥ ഉണ്ടാകുകയും ചെയ്യും. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ചിലർക്ക് ലഹരിയിൽ ആസക്തിയും സ്ത്രീകളിൽ താല്പര്യ കൂടുതൽ ഉണ്ടാകുകയും തന്മൂലം മാനഹാനി ധനനഷ്ടം ഒക്കെയും വന്നു ചേർന്നേക്കാം. തൊഴിൽ ക്ലേശങ്ങൾ വർദ്ധിച്ചു സാമ്പത്തികമായി ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. ചിലർക്ക് കേസുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ആഹാര കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുന്നത് ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കുവാൻ വളരെ അധികം ഗുണം ചെയ്യും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ഉണ്ടാകുന്ന സമയം ആണ്. സന്താന ഭാഗ്യം, കീർത്തി, കുടുംബസുഖം ഒക്കെയും വന്നു ചേരും. വിദ്യാർത്ഥികളെ സംബന്ധിച്ചു ബാങ്ക് ടെസ്റ്റിൽ പാസാവുകയും സിവിൽ സർവീസ് പോലെയുള്ള ഉന്നത പ്രവേശന പരീക്ഷകളിൽ വിജയം കൈവരിക്കാനും സാധിക്കും. സഹോദര സ്ഥാനത് ഉള്ളവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. ഭാര്യാഭർത്തൃ ഐക്യം, ശത്രുഹാനി, ആടയാഭരണലബ്‌ധി, ഭക്ഷണ സുഖം, തൊഴിൽ വിജയം, ധനനേട്ടം, ഈശ്വരാനുഗ്രഹം എന്നിവ പ്രതീക്ഷിക്കാം.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
കുടുംബ ബന്ധുജനങ്ങൾ ആയി അഭിപ്രായ വ്യത്യസം കലഹം ഒക്കെയും ഉണ്ടാകും. പിതാവിന്റെ സ്ഥാനത്തുള്ളവർക്ക് പലവിധ ക്ലേശങ്ങൾ വന്നേക്കാം. കഷ്ടതകൾ നിറഞ്ഞ അദ്ധ്വാന കൂടുതൽ ഉള്ള തൊഴിൽ ചെയേണ്ടി വരുകയും എന്നാൽ അതിനു തക്കതായ പ്രതിഫലം ലഭിക്കാതെയും വരും. സാമ്പത്തിക സഹായം ചെയുമ്പോൾ വളരെ സൂക്ഷിക്കേണ്ട സമയം ആണ്. സാമ്പത്തിക ചതിയിൽ അകപ്പെടാതെ നോക്കുക. കൃഷി സംബന്ധമായ തൊഴിൽ ചെയുന്നവർക് വിഭവ നാശം യോഗം ഉണ്ടാവും. നേത്ര സംബന്ധമായും തലവേദന, ത്വക്ക് രോഗം എന്നിവ വരാൻ സാധ്യത ഉണ്ട് .
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
അനാവശ്യമായ ചെലവ് വർദ്ധിക്കുന്ന സമയം ആണ്. അനാവശ്യമായ കോപം മൂലം പലവിധത്തിലുള്ള പ്രശ്‌നങ്ങൾ വന്നു ചേരും. ഹൃദ്രോഗം, നേത്ര രോഗം എന്നിവ ഉള്ളവർ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ്.അന്യരുടെ വാക്കുകൾ ചെവികൊടുക്കാത്ത സ്വഭാവം കൊണ്ട് തന്നെ ചതിയിൽ പെട്ടേക്കാം. സ്ത്രീസംബന്ധമായ വിഷയങ്ങളിൽ വളരെക്കാലമായി ഉണ്ടായിരുന്ന അപവാദങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കുന്ന അവസരം ആണ്. യുക്തിപൂർവം തീരുമാനങ്ങൾ എടുക്കുക.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
അമിത ആഢംബര പ്രിയത്വ൦ വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാക്കും. ദമ്പതികൾ തമ്മിൽ നിസാര കാര്യങ്ങൾക്ക് വഴക്കു വന്നു ബന്ധം പിരിയുന്നത് വരെ പോകാൻ സാധ്യത ഉണ്ട്. ചില ബന്ധുക്കളും ആയി വാക്ക് തർക്കത്തിന് പോയി മനോ വിഷമം ഉണ്ടാകും. തൊഴിൽപരമായി സ്ഥാനം നഷ്ടപെടുന്ന സമയം ആണ്. സഹപ്രവർത്തർകർ തമ്മിൽ ഉള്ള ബന്ധം വഷളാവുകയും ധനനഷ്ടവും മാനഹാനിയും വന്നേക്കാം. വിദേശ വാസയോഗം അനുഭവത്തിൽ വരും. നന്മ ചെയ്താലും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടും. ചില അടുത്ത ബന്ധുക്കളുടെ മരണം ഉണ്ടാവാൻ സാധ്യത ഉണ്ട് . പിതാവിന്റെ ആരോഗ്യത്തിലും ശ്രദ്ധ വേണം.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈശ്വര വിശ്വാസം വർദ്ധിക്കുകയും പുണ്യ തീർത്ഥങ്ങളിലേക്ക് യാത്ര ചെയ്യാനും യോഗം കാണുന്നു. ആരോഗ്യവർദ്ധനവ്, അഭീഷ്ട ലാഭം, സ്ത്രീസുഖം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച വിജയം, വിദേശ വാസം – ജോലി ഒക്കെയും ഫലം. തൊഴിലിടത്തെ ആത്മാർത്ഥമായ പ്രവർത്തനത്തിൽ മേലധികാരികൾ പ്രശംസിക്കുകയും അവരുടെ പ്രീതിക്ക് പാത്രമാവുകയും ചെയ്യും. കലാകാരന്മാർക്ക് പ്രശസ്തി തേടി വരും. പുതിയതായി ബിസിനെസ്സ് ചെയ്യുന്നവർക്കും ചെയ്തു കൊണ്ടിരിക്കുന്നവർക്കും വൻലാഭം പ്രതീക്ഷിക്കാം.ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ വന്നു ചേരും.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
കുടുംബ ജീവിത സൗഭാഗ്യം, മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുക, രോഗങ്ങൾ മാറി സുഖകരമായ ജീവിതത്തിൽ വരിക,തൊഴിൽ വിജയം, ധനലാഭം, കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവുക എന്നിവ ഫലത്തിൽ വരും. പ്രണയത്തിൽ മാതാപിതാക്കളുടെ അനുകൂല്യം ലഭിക്കും. സർക്കാർ ജോലിയിൽ പ്രവേശിക്കുവാൻ അനുമതി ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തി ഉണ്ടാവും. വളരെക്കാലമായി പിണക്കത്തിൽ ആയിരുന്ന ബന്ധുജനങ്ങൾ കൂടിച്ചേരും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
എല്ലാ കാര്യങ്ങളിലും വളരെയധികം തടസങ്ങൾ നേരിടുന്ന സമയം ആണ്. ശരീര സുഖക്കുറവ്, നിനച്ചിരിക്കാത്ത സമയത് ആപത്തു ,നീര്ദോഷം ഒക്കെയും വരാൻ സാധ്യത ഉണ്ട് . ഭാര്യ പിതാവുമായോ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന്നും കലഹത്തിന്നും സാധ്യത കാണുന്നു. തന്മൂലം ദോഷങ്ങൾ സംഭവിച്ചേക്കാം. വരവിൽ കവിഞ്ഞ ചിലവുകൾ ഉണ്ടാകും. പിതാവിന് വളരെയധികം ക്ലേശം നിറഞ്ഞ സമയം ആണ്, രോഗദുരിതങ്ങൾ അലട്ടും. അതീവ കോപം പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഭാര്യയുടെയോ ബന്ധുജനങ്ങളുടെയോ വിരഹം ഉണ്ടാവും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും. കേസ് വഴക്കുകളിൽ അനുകൂലമല്ലാത്ത വിധി ഉണ്ടാവും. കുടുംബ ബന്ധു ജനങ്ങളിൽ ചിലരുമായി കലഹം ഉണ്ടാവും . അഗ്നിഭയം, ചുമ, ഉഷ്ണരോഗങ്ങൾ , ശ്വാസകോശ രോഗങ്ങൾ എന്നിവയ്‌ക്ക് സാധ്യത ഉണ്ട് . ഭാര്യയുമായി സ്വരച്ചേർച്ച ഇല്ലായ്‌മ വരും. കൈ വിട്ടു പോകുന്ന ദാമ്പത്യ ഐക്യത്തിന്, ആത്മ നിയന്ത്രണവും വിട്ടു വീഴ്‌ചയും വേണ്ടി വരും. നേതൃശേഷി പാടവം തെളിയിക്കുവാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും. സർക്കാർ സംബന്ധമായി ഉള്ള ഇടപാടുകളിൽ ദോഷഫലം വന്നുചേരും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V















