കാലാകാലങ്ങളായി ഭൂമിയെ കുറിച്ച് ധരിച്ച് വെച്ചിരുന്ന കാര്യങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. കട്ടിയായ ഖരാവസ്ഥയിലാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭൂമിയുടെ ഇന്നർ കോർ വെണ്ണ പോലെ മൃദുലമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഭൗമ ഉപരിതലത്തിൽ നിന്ന് 2,900 കിലോമീറ്റർ താഴെയാണ് ഉൾക്കാമ്പ് സ്ഥിതി ചെയ്യുന്നത്. ദ്രവീകൃതമായ പുറംഭാഗവും ഖരാവസ്ഥയിലുള്ള ഉൾഭാഗവും ചേരുന്നതിനെയാണ് കോർ എന്ന് വിളിക്കുന്നത്.
ടെക്‌സസ് സർവകലാശാല നടത്തിയ ഗവേഷണത്തിലാണ് ഇന്നർ കോർ വെണ്ണ പോലെ മൃദുലമാണെന്ന പഠനം പുറത്തുവന്നിരിക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിലെ സവിശേഷതകൾ വിലയിരുത്തി വെർച്വൽ പഠനമാണ് ശാസ്ത്രജ്ഞർ നടത്തിയത്. ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ പ്രവചനാതീത സ്വഭാവം ഇതു മൂലമാണുണ്ടായതെന്നും പഠനം പറയുന്നു.
ഭൂമിയുടെ ഉൾക്കാമ്പിനെക്കുറിച്ച് കൗതുകകരമായ പഠനങ്ങൾ സമീപകാലത്ത് പുറത്തുവന്നിരുന്നു. ഒരു പഠനത്തിൽ ഉൾക്കാമ്പിനെ പുതപ്പുപോലെ ആവരണം ചെയ്യുന്ന ഘടനയുണ്ടെന്ന് കണ്ടെത്തി. ആ ഘടനയ്‌ക്ക് ചില ഭാഗത്ത് എവറസ്റ്റിന്റെ അഞ്ച് മടങ്ങ് പൊക്കമുള്ള പർവതങ്ങളുമുണ്ട്. യുഎസിലെ അലബാമ സർവകലാശാലയിലെ ജിയോളജി ഗവേഷകയായ സമന്ത ഹാൻസനും സംഘവുമായിരുന്നു പഠനത്തിന് പിന്നിൽ. അന്റാർട്ടിക്കയിൽ 15 ഇടങ്ങളിലായി സീസ്മിക് തരംഗങ്ങൾ വിലയിരുത്തിയാണ് സംഘം പഠനം നടത്തിയത്.
ഉൾക്കാമ്പിനെ തുരുമ്പ് ബാധിക്കുന്നെന്നും ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ഇരുമ്പ്-നിക്കൽ ലോഹസംയുക്തമായ ഇവിടെ ഇത്തരമൊരു കണ്ടെത്തൽ ആദ്യമാണ്. വെള്ളമോ, ഈർപ്പമുള്ള വായുവോ ആയി സമ്പർക്കം വരുമ്പോഴാണ് ഇരുമ്പിൽ തുരുമ്പ് ഉടലെടുക്കുന്നത്. ഇരുമ്പും ഹൈഡ്രോക്‌സൈൽ അടങ്ങിയ ഒരു ധാതുവുമായി അതീവ മർദത്തിൽ സമ്പർക്കം ഉടലെടുക്കുമ്പോഴും തുരുമ്പിക്കൽ പ്രക്രിയ സംഭവിക്കാം എന്നാണു ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ തെളിയിച്ചത്. സമാന സാഹചര്യമാണ് ഭൂമിയുടെ ഉൾക്കാമ്പും രണ്ടാമത്തെ കാമ്പായ മാന്റിലുമായുള്ളതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.