തൃശൂർ: കേരളത്തിൽ വർദ്ധിച്ചു വരുന്ന തീവ്ര ഇസ്ലാമിക നീക്കങ്ങളെയും അതിന് വളം വച്ചു കൊടുക്കുന്ന ഇടത്-വലത് പാർട്ടികളെയും ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചു കുട്ടിയെ കൊണ്ട് കൊലവിളി നടത്തിയതു മുതൽ ഹമാസ് ഭീകരർക്ക് അനുകൂലമായി പ്രകടനം നടത്തുന്നതടക്കമുള്ളവ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സുരേന്ദ്രന്റെ വിമർശനം. ഈ നിലയിലാണ് കേരളത്തിലെ സ്ഥിതിഗതികൾ മുന്നോട്ട് പോകുന്നതെങ്കിൽ കശ്മീരിൽ നടന്നതിന് സമാനമായ വംശഹത്യകളും ഹിന്ദുക്കളുടെ കൂട്ട പലായനവും ഇവിടെ സംഭവിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു അച്ഛൻ സ്വന്തം മകനെ ചുമലിലിരുത്തി വിളിപ്പിച്ച വെറുമൊരു മുദ്രാവാക്യം ആയിരുന്നില്ല അത്. ആസൂത്രിതമായ ഒരു നീക്കം കേരളത്തിൽ നടത്താനിരുന്നതിന്റെ ഭാഗമായിരുന്നു അത്. കശ്മീരിന് സമാനമായ വംശഹത്യയുടെയും കൂട്ട പലായനത്തിന്റെയും ഒരു ടാഗ് ലൈനായിരുന്നു അന്നത്തെ കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യം. പാല ബിഷപ്പ് ഒരു കാര്യം പറഞ്ഞപ്പോൾ, തങ്ങളുടെ ഇടവകകളിലെ കുട്ടികൾക്ക് ഉണ്ടാകുന്ന കാര്യം സൂചിപ്പിച്ചപ്പോൾ അവിടേയ്‌ക്ക് ചിലർ മാർച്ച് ചെയ്തു. അതിന് ശേഷം നടന്ന പലതിനും പിന്തുണ നൽകിയവർ ഇവിടുത്തെ ഇടതുപക്ഷവും കോൺഗ്രസും ആയിരുന്നു. യുദ്ധം ചെയ്യാൻ പോകുന്നത് കേരളത്തിലെ പാവപ്പെട്ട ഹിന്ദുക്കളോട് മാത്രമല്ല, ക്രൈസ്തവ സഭകളോടും കൂടിയാണെന്ന് പറയുന്നതായിരുന്നു പല വെല്ലുവിളികളും.
കേരളത്തിൽ ഇത്തരത്തിലുള്ള ശ്രമങ്ങൾ കാണുമ്പോഴെല്ലാം ബിജെപി കൃത്യമായ മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകുന്നുണ്ട്. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ അശാന്തിക്ക് വിത്ത് വിതച്ചവർക്ക് പിന്തുണ കൊടുക്കുന്നു. തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കർണാടകയിലോ കാണാത്ത പ്രകടനങ്ങൾ കേരളത്തിലുണ്ടാകുന്നതിന്റെ കാരണം, ജനസംഖ്യയുടെ ഏകദേശം മുപ്പത് ശതമാനത്തോളം ഒരു വിഭാഗം ആയി എന്നുള്ള തിരിച്ചറിവ് കൊണ്ടാണ്.
വിഷവിത്തിനെയാണ് പാലും തേനും കൊടുത്ത് കേരളത്തിൽ വളർത്തുന്നത്. ഈ സത്യം തിരിച്ചറിയാൻ വൈകിയാൽ കശ്മീരി പണ്ഡിറ്റുകളുടെ ഗതി കേരളത്തിലും ഉണ്ടാകും. മോദിയും അമിത്ഷായും ബിജെപിയും ഉള്ളതുകൊണ്ട് അവർക്കത് സാധിക്കുന്നില്ല എന്ന് മാത്രം. ദൗർഭാഗ്യവശാൽ ഇൻഡി സഖ്യമാണ് വിദൂരഭാവിയിലെങ്കിലും അധികാരത്തിൽ വരാൻ പോകുന്നതെങ്കിൽ അത് സംഭവിച്ചിരിക്കും. ഇത് അതിശോക്തി അല്ല, പച്ചയായ സത്യമാണ്- കെ.സുരേന്ദ്രൻ പറഞ്ഞു.















