ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 5-ാമതെ വിമാനവും ഡൽഹിയിലെത്തി. 18 നേപ്പാൾ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ കേന്ദ്ര മന്ത്രി എൽ മരുകനാണ് സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളെ തിരികെയെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
‘ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപോയാൽ അവരെ മാതൃരാജ്യത്ത് തിരികെയെത്തിക്കുന്നതിനാണ് ഞങ്ങൾ പരിഗണന നൽകുന്നത്. ഓപ്പറേഷൻ ഗംഗയും ഓപ്പറേഷൻ കാവേരിയും വിജയകരമായാണ് പൂർത്തിയാക്കിയത്. ഇപ്പോൾ ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ ഇസ്രായേലിൽ നിന്ന് ആളുകളെ തിരികെ രാജ്യത്തെത്തിക്കുകയാണ്. ഇന്ന് വന്ന വിമാനത്തിലുണ്ടായിരുന്നവർ ഉൾപ്പെടെ 1180 പേരാണ് ഇതുവരെ നാട്ടിൽ തിരികെയെത്തിയത്. ഇസ്രയേലിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് തുടങ്ങിയ ആദ്യത്തെ രാജ്യം ഇന്ത്യയാണ്. ഭാരതീയർക്ക് പുറമെ അയൽരാജ്യക്കാരെയും(നേപ്പാൾ) ഇപ്പോൾ തിരികെ കൊണ്ടുവരുന്നു’. – കേന്ദ്ര മന്ത്രി വ്യക്തമാക്കി.
രാജ്യത്തെക്ക് മടങ്ങിയെത്താൻ സഹായിച്ചത് ഇസ്രായേലിലെ ഇന്ത്യൻ എംബസിയാണ്. എംബസിയുടെ നിർദ്ദേശ പ്രകാരമാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഇസ്രായേലിൽ നിന്ന് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരും പറഞ്ഞു. ഇസ്രായേലിലെ നിലവിലെ സഥിതി ഭയാനകമാണ്. നേപ്പാൾ സ്വദേശികൾ ഇസ്രായേലിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഞങ്ങളെ തിരികെ കൊണ്ടുവന്നതിന് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നുവെന്നാണ് ഡൽഹിയിലെത്തിയ നേപ്പാൾ പൗര അംബിക എഎൻഐയോട് വ്യക്തമാക്കിയത്.
നേപ്പാളിന് പുറമെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാൻ കൂടെ നിൽക്കുന്ന ഇന്ത്യക്ക് നന്ദി. ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി നേപ്പാൾ പൗരന്മാർ ഡൽഹിയിലെത്തി. ഇന്ത്യ നൽകുന്ന പിന്തുണയ്‌ക്ക് നന്ദിയെന്ന് ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ശങ്കർ പി ശർമ്മയും എഎൻഐയോട് പറഞ്ഞു.