ദുബായ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശി നിധിൻ ദാസാണ് മരിച്ചത്. ദുബായ് കരാമയിലെ ‘ഡേ ടു ഡേ’ ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിംഗിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12.20-നാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അർദ്ധരാത്രിയിൽ വാതക ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുള്ള കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ച് ദുബായിൽ എത്തിയതായിരുന്നു നിധിൻ. പരിക്കേറ്റ് ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് വിവരം.
മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. കണ്ണൂർ തലശ്ശേരി സ്വദേശികളായ ഷാനിൽ, നഹീൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.