ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് പുലർച്ചെ രണ്ട് ഹിസ്ബുള്ള സെല്ലുകൾക്ക് നേരെയാണ് ഇസ്രായേലിന്റെ യുദ്ധവിമാനം ആക്രമണം നടത്തിയത്. ഇവിടെ നിന്ന് ഇസ്രായേലിലേക്ക് മിസൈലുകളും റോക്കറ്റുകളും വിക്ഷേപിക്കാൻ ഹിസ്ബുള്ള ഭീകരർ പദ്ധതി ഇട്ടിരുന്നു. ഇരു രാജ്യങ്ങളുടേയും അതിർത്തിയിലായി സ്ഥിതി ചെയ്തിരുന്ന കേന്ദ്രങ്ങൾക്ക് നേരെയാണ് ഇസ്രായേൽ പ്രതിരോധ സേന വ്യോമാക്രമണം നടത്തിയത്.
തെക്കൻ ലെബനനിലെ ഐതറൂണിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ വിവരം ലെബനൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇസ്രായേലിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തായാണ് ഈ സെല്ലുകൾ ഉണ്ടായിരുന്നതെന്നും സൈന്യം അറിയിച്ചു.
ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചതോടെയാണ് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുളള ഭീകരരും യുദ്ധത്തിൽ പങ്കാളിയായത്. അതിർത്തി മേഖലകളിൽ ഹിസ്ബുള്ള ഐഡിഎഫും കനത്ത വെടിവയ്പ്പ് തുടരുകയാണെന്നാണ് വിവരം. ഹിസ്ബുള്ളയുടെ 26 ഭീകരരെ രണ്ടാഴ്ചയ്ക്കിടെ സൈന്യം വധിച്ചിട്ടുണ്ട്. അതേസമയം അഞ്ച് ഇസ്രായേലി സൈനികരും ഒരു സാധാരണക്കാരനും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു.