തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളം സന്ദർശിക്കും. എൻഡിഎയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനാണ് നദ്ദ ഈ മാസം 30ന് കേരളത്തിലെത്തുന്നത്. തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ജനജാഗരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ ഡിസംബർ രണ്ടാംവാരത്തിലാണ് അമിത് ഷാ എത്തുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന റാലിയെയും ഷാ അഭിസംബോധന ചെയ്യും.
സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയാണ് യാത്ര. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രയിൽ ഏകദേശം 25,000 പ്രവർത്തകർ അനുഗമിക്കുകയും പ്രധാനകേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ കേന്ദ്ര നേതാക്കൾ പങ്കെടുക്കുകയും ചെയ്യും. ഇടതുമുന്നണി സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ പ്രതിഷേധിച്ചും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നീതി തേടിയുമാണ് എൻഡിഎയുടെ സെക്രട്ടേറിയറ്റ് മാർച്ച്. “ഇടതു സർക്കാരിന്റെ അഴിമതിഭരണത്തിനെതിരെ പോരാടാൻ ബിജെപി” എന്ന പ്രചാരണ മുന്നേറ്റമാണ് പാർട്ടി നടത്താൻ ഒരുങ്ങുന്നത്.
നവംബർ ഒന്ന് മുതൽ 20 വരെ സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ കരുവന്നൂർ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് സായാഹ്ന യോഗങ്ങൾ നടക്കും. സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷം സമരങ്ങൾ അവസാനിപ്പിക്കാതെ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് ബിജെപിയെ സംഘടനാപരമായി അടിമുടി മാറ്റാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ഗൗരവത്തോടെ രാഷ്‌ട്രീയത്തെ സമീപിക്കാനുമാണ് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.
ഇതേതുടർന്ന് അനാവശ്യ പ്രസ്താവനങ്ങൾ ഇറക്കുന്നതിന് സംസ്ഥാനനേതൃത്വത്തിനടക്കം വിലക്കുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ നിശ്ചയിക്കുന്ന നേതാവിന് മാത്രമേ മാദ്ധ്യമങ്ങളുമായി സംവദിക്കാൻ അധികാരമുള്ളൂ. നവംബർ മൂന്നാം വാരത്തിൽ പാർട്ടി ജനപ്രതിനിധികളായ 2900 ഓളം പേർക്കുള്ള പരിശീലന ക്യാമ്പ് നടക്കും. പാർട്ടിയുടെ സാന്നിധ്യം എങ്ങനെ വർദ്ധിപ്പിക്കാമെന്നതിനും ഭരണത്തിൽ പങ്കാളിത്തം എങ്ങനെ വിനിയോഗിക്കണമെന്നതിനും പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകും.