ലഖ്‌നൗ: പ്രധാനമന്ത്രി കസേരയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തമ്മിൽ തല്ല്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ ‘ഭാവി പ്രധാനമന്ത്രി’ എന്ന് വിളിച്ച് പോസ്റ്റർ പതിപ്പിച്ചതിന് പിന്നാലെ പുതിയ പോസ്റ്ററുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിയെ ‘പ്രധാനമന്ത്രി 2024 ‘ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ലഖ്‌നൗവിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടത് ഇരു പാർട്ടിയും തമ്മിലുള്ള തുറന്ന യുദ്ധത്തിന് വഴി തുറന്നു.
പിന്നാക്കക്കാർക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പോരാടുന്നത് തങ്ങളുടെ പാർട്ടിയാണെന്നും അതിനാൽ എത്ര പോസ്റ്ററുകൾ പതിച്ചുവെന്നത് പ്രശ്നമല്ലെന്നും സമാജ്‌വാദി പാർട്ടി (എസ്പി) സംസ്ഥാന വക്താവ് ഫക്രുൽ ഹസൻ കോൺഗ്രസ് പതിപ്പിച്ച പോസ്റ്ററിനെപ്പറ്റിയുള്ള ചോദ്യത്തിന് പ്രതികരിച്ചു. കോൺഗ്രസ് സ്ഥാപിച്ച പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിക്കൊപ്പം അജയ് റായിയുടെയും ചിത്രങ്ങളുണ്ട്.
“2024-ൽ പ്രധാനമന്ത്രിയായി രാഹുൽ, 2027-ൽ യുപി മുഖ്യമന്ത്രിയായി റായ്” എന്നാണ് കോൺഗ്രസിന്റെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. അഖിലേഷ് യാദവിന്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്നെഴുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടൽ പരാജയപ്പെട്ടതിൽ കോൺഗ്രസിനെ അഖിലേഷ് പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ യുദ്ധം ആരംഭിച്ചത്.