ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടിയ വിദ്യാർത്ഥിനികൾക്ക് പരിക്ക്. മദ്യ ലഹരിയിൽ ഡ്രൈവർ അമിതവേഗതയിൽ ഓട്ടോറിക്ഷ ഓടിച്ചതോടെയാണ് ഭയന്നു വിറച്ച് വിദ്യാർത്ഥിനികൾ വാഹനത്തിൽ നിന്നും ചാടിയത്. മൂന്നാറിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ മാങ്കുളം കുരിശുപാറ സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചയോടെ ലക്ഷ്മി റോഡിലായിരുന്നു അപകടം. മൂവാറ്റുപുഴ സ്വദേശിനിയായ വിദ്യാർത്ഥിനി കന്നിമല സ്വദേശിനിയായ കൂട്ടുകാരിയെ കാണാൻ മൂന്നാറിൽ എത്തിയതായിരുന്നു. ഇരുവരും ടൗണിൽ നിന്നും മാങ്കുളം വിരിപാറ വെള്ളച്ചാട്ടം കാണുന്നതിന് ഓട്ടോയിൽ കയറി. യാത്രക്കിടെയാണ് ഡ്രൈവർ വാഹനം ഓടിക്കുന്നത് മദ്യപിച്ചാണെന്ന് വിദ്യാർത്ഥികൾക്ക് മനസിലാകുന്നത്.
അമിത വേഗതയിലായിരുന്ന ഓട്ടോറിക്ഷ നിർത്താൻ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയാറായില്ല. ഇതേ തുടർന്നാണ് പെൺകുട്ടികൾ വാഹനത്തിൽ നിന്നും ചാടിയത്. പരിക്കേറ്റ വിദ്യാർത്ഥിനികളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.