ന്യൂഡൽഹി: ഇടയ്ക്കിടെ തുടർച്ചയായി യാത്രകൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് വേണ്ടി ആഗോള കണക്ടിവിറ്റി ലഭിക്കുന്ന ഇ-സിം സേവനം അവതരിപ്പിച്ച് കമ്മ്യൂണിക്കേഷൻ സേവന ദാതാവായ സെൻസറൈസ്. ഡൽഹിയിലെ പ്രഗതി മൈതാനിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് കമ്പനി പുതിയ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്.
കോർപ്പറേറ്റ് യാത്രികർ, വിനോദ യാത്രകൾ ചെയ്യുന്നവർ, വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നീക്കം. ഇ-സിം സേവനം മറ്റ് ടെലികോം കമ്പനികളുടെ ഇന്റർനാഷണൽ റോമിംഗ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സെൻസറൈസിന്റെ മൊബൈൽ ആപ്പ് മുഖേന 190 രാജ്യങ്ങളിൽ ഇ-സിം കണക്ടിവിറ്റി ലഭിക്കും. വെറും 10 ഡോളറിൽ അതായത് ഏകദേശം 835 രൂപയിൽ താഴെ ആണ് ഇതിന് ചിലവെന്നും കമ്പനി പറയുന്നു.
സെൻസറൈസ് ട്രാവൽ ഇ-സിം ഉപയോഗിക്കുമ്പോൾ പഴയ രീതിയിലുള്ള ഫിസിക്കൽ സിം കാർഡുകൾ ആവശ്യമില്ലാതെ വരുന്നു. കൂടാതെ ചെലവേറിയ ടെലികോം റോമിംഗ് റീച്ചാർജ് പ്ലാനുകൾ എടുക്കേണ്ടതിന്റെയും ആവശ്യം വരുന്നില്ല. ഇതിന് പകരം സന്ദർശിക്കേണ്ട വിദേശ രാജ്യങ്ങളിൽ വൈഫൈ കണക്ടിവിറ്റി കണ്ടെത്തിയാൽ മാത്രം മതിയാകും.















