ടെൽഅവീവ്: വടക്കൻ ഗാസവിട്ട് ജനങ്ങൾ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ഇസ്രായേൽ സേന. സാധാരണക്കാരെ ഹമാസ് ഭീകരർ മനുഷ്യ കവചങ്ങളായാണ് ഉപയോഗിക്കുന്നത്. പള്ളികളും ആശുപത്രികളും ഭൂഗർഭ താവളങ്ങളും ഹമാസ് ഭീകരർ ഒളിക്കാനായി ഉപയോഗിക്കുന്നു. ഭീകരരെയും പൊതുജനങ്ങളെയും വേർതിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ജനങ്ങൾ വടക്കൻ ഗാസ വിട്ട് തെക്കൻ ഗാസയിലേക്ക് സുരക്ഷിതമായി മാറണമെന്ന് സൈന്യം അഭ്യർത്ഥിച്ചു.
ഹമാസ് മനുഷ്യവർഗ്ഗത്തിനെതിരെയാണ് പോരടിക്കുന്നതെന്നും ഇസ്രായേൽ പ്രതിരോധ സേന വക്താവ് പറഞ്ഞു. സൈന്യം ഗാസയിൽ അടുത്ത ഘട്ട പോരാട്ടം ആരംഭിക്കാൻ പൊവുകയാണ്. നിലവിൽ വ്യോമമാർഗ്ഗം മാത്രമായിരുന്ന യുദ്ധം കരയിലേക്കും കടലിലേക്കും വ്യാപിപ്പിക്കും. ഇസ്രായേൽ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ല, ഹമാസാണ് കാര്യങ്ങൾ ഇതുവരെ കൊണ്ടെത്തിച്ചതെന്നും സേന വക്താവ് ഡാനിയൽ ഹഗരി പറഞ്ഞു.
തങ്ങളുടെ യുദ്ധം ഹമാസിനോടാണ്, ഗാസയ്‌ക്കെതിരെയല്ല. ഹമാസ് ജനങ്ങളെ കവചങ്ങളാക്കി യുദ്ധം നടത്താനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളും ആശുപത്രികളും പള്ളികളുമാണ് അവർ ഒളിത്താവളങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനവാസ മേഖലയിലെ കെട്ടിടങ്ങളിൽ ഭൂഗർഭ താവളങ്ങളും അവർ തയ്യാറാക്കിയിട്ടുണ്ട്. ഇതിനാലാണ് ആഴ്ചകൾക്ക് മുൻപ് തന്നെ വടക്കൻ ഗാസയിൽ നിന്നും താത്കാലികമായി ഒഴിയണമെന്ന് ജനങ്ങളോട് ഇസ്രായേൽ ആവശ്യപ്പെട്ടത്. ഹമാസ് സ്വാധീന മേഖലയിൽ നിന്നും ഒഴിഞ്ഞുപോകണം എന്ന് വീണ്ടും ആവശ്യപ്പെടുകയാണ്. തെക്കൻ ഗാസയിൽ ആവശ്യവസ്തുക്കൾ ലഭ്യമാണ്. നാളെ മുതൽ യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഭാഗത്തുനിന്നുമുള്ള സഹായങ്ങളും ലഭിക്കുമെന്ന് സേന വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ നിരവധി ഹമാസ് ഭീകരരെ വധിച്ചിരുന്നു. ഒട്ടനവധി ഭൂഗർഭ താവളങ്ങളും തകർത്തു.