ന്യൂഡൽഹി: ഇസ്രായേലിനെതിരെ ഹമാസിന്റെ ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ആശങ്കകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺ സംഭാഷണത്തിലൂടെയാണ് ഇരുവരും ചർച്ചകൾ നടത്തിയത്.
ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് ശേഷം ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം കടുപ്പിച്ചിരുന്നു. ഹമാസിന്റെ ഭീകരാക്രമണത്തെ കുറിച്ചും സാധാരണ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിനെ കുറിച്ചും ആശങ്കകൾ പങ്കുവെച്ചതായി ഈജിപ്ഷ്യൻ പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഭീകരവാദം, അക്രമം എന്നിവയെ കുറിച്ച് ഈജിപ്ഷ്യൻ പ്രസിഡന്റുമായി വിശദമായ ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രായേലിലെ സ്ഥിതിഗതികളെ കുറിച്ചും സുരക്ഷാ നടപടികളെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. യുദ്ധാന്തരീഷം ഇല്ലാതാക്കി സമാധാനം കൊണ്ടുവരുന്നതിന്റെ ആവശ്യകതകളെ കുറിച്ച് ഇരുവരും സംസാരിച്ചു. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾ ഇരു നേതാക്കളും വിലയിരുത്തി.
പാലസ്തീനിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യ അയച്ച മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും കഴിഞ്ഞാഴ്ച ഈജിപ്തിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.