മിക്കവർക്കും പ്രിയപ്പെട്ട ഒരു വളർത്തു മൃഗം ഉണ്ടായിരിക്കും. കൂടുൽ പേർക്കും നായ കുട്ടിയോ പൂച്ച കുട്ടിയോ ആയിരിക്കും പ്രിയപ്പെട്ട വളർത്തുമൃഗം. മൃഗങ്ങളോടൊപ്പമുള്ള സഹവാസം പലപ്പോഴും മനുഷ്യരിലും പല മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. പലരും അവയെപോലെ അനുകരിക്കുന്നതും അവയുടെ ഭാഷ പഠിച്ചെടുക്കുകയും ചെയ്യുന്നത് സമൂഹമാദ്ധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഇഷ്ടപ്പെട്ട മൃഗത്തിന്റെ രൂപം തന്റെ മുഖത്ത് സൃഷ്ടിക്കാൻ ശ്രമിച്ച 22-കാരിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഇറ്റലി സ്വദേശിയായ ചിയാര ഡെൽ അബേറ്റാണ് പൂച്ചയായി മാറാൻ തന്റെ ശരീരത്തിൽ പല ശസ്ത്രക്രിയകൾ നടത്തിയത്. ഇതിനുപുറമെ പൂച്ചയുടെ രൂപം ലഭിക്കുന്നതിനായി 72 തവണ അവർ മുഖത്ത് പച്ചകുത്തുകയും ചെയ്തിട്ടുണ്ട്. ചിയാരയുടെ ടിക് ടോക്ക് വീഡിയോകൾ വൻ തോതിൽ പ്രചാരം നേടിയപ്പോഴാണ്
പൂച്ചയാകാനുള്ള തന്റെ ആഗ്രഹം സമൂഹമാദ്ധ്യമങ്ങളിലൂടെ 22-കാരി വെളിപ്പെടുത്തിയത്.
11-ാം വയസിലാണ് ആദ്യമായി തന്റെ ആഗ്രഹം നിറവേറ്റുന്നതിനായി പച്ചകുത്തിയതെന്ന് ചിയാര പറയുന്നു. പിന്നീട് പലതരത്തിലുള്ള മാറ്റങ്ങളാണ് തന്റെ ശരീരത്തിൽ വരുത്തിയതെന്നും ചിയാര പറഞ്ഞു. ഇതിന്റെ ഭാഗമായി പൂച്ചയുടെ മീശപോലെ മുഖത്ത് പച്ചക്കുത്തുകയും, മൂക്കിലും നാക്കിലും പല തരത്തിലുള്ള മുത്തുകൾ ഘടിപ്പിക്കുകയും, ചുണ്ടുകൾ പൂച്ചയുടേതുപോലെ മാറ്റാൻ ശസ്ത്രക്രിയ ചെയ്തതായും പെൺകുട്ടി അറിയിച്ചു. ഇതിനുപുറമെ ഒരു പൂച്ചയായി മാറുന്നതിനായി തന്റെ എല്ലാ ശരീര ഭാഗങ്ങളിലും നിരവധി ശസ്ത്രക്രിയകളാണ് നടത്തിയതെന്നും ഇപ്പോൾ താൻ ഒരു പൂച്ചക്കുട്ടിയാണെന്നുമാണ് ചിയാര അഭിപ്രായപ്പെടുന്നത്. വേദനകളെ ഭയമില്ലെന്നും അവ ശീലമാണെന്നും പൂച്ചയായി മാറുന്നതിന് ഇനിയും ശസ്ത്രക്രിയകൾ ചെയ്യുമെന്നും അവർ പറഞ്ഞു.
ചിയാരയുടെ വീഡിയോ വൈറലായതോടെ നിരവധി ഇൻസ്റ്റഗ്രാം ഉപയോക്താക്കളാണ് യുവതിയെ വിമർശിച്ച് രംഗത്തെത്തിയത്. യുവതിക്ക് ഭ്രാന്താണ് എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ചിയാരയെ തേടി എത്തിയത്. എന്നാൽ വിമർശനങ്ങളൊന്നും വകവെയ്‌ക്കാതെ തന്റെ ആഗ്രഹസാഫല്യത്തിനായി ഇനിയും ശ്രമിക്കുമെന്ന് യുവതി പറയുന്നു.















