യാത്ര പലർക്കും ഒരു വികാരമാണ്. ഒരിക്കല്ലെങ്കിലും രാജ്യം മുഴുവനും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ദീർഘദൂര യാത്രകൾക്ക് അധിക ചിലവുകൾ വരുന്നതാണ് പലപ്പോഴും നമ്മെ ഇത്തരം യാത്രകളിൽ നിന്നും ഉൾവലിക്കാൻ കാരണം. എന്നാൽ ഇനി അത്തരം ചിന്തകൾ മാറ്റി വച്ച് നിങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാം. അതിനൊരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ഐആർസിടിസി 26,310 രൂപയിൽ തെക്ക് മുതൽ വടക്ക് വരെയുള്ള സ്ഥലങ്ങളിലെ കാഴ്ചകൾ കാണാൻ ഇന്ത്യൻ റെയിൽവെ ഒരുക്കിയിരിക്കുന്ന പുത്തൻ പാക്കേജിനെ കുറിച്ച് അറിയാം..
കുറഞ്ഞ ചിലവിൽ ഭാരതത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഭാരത് ഗൗരവ് ട്രെയിനിലെ എസി, സ്ലീപ്പർ ക്ലാസുകളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. നംവംബർ 19-ന് ആരംഭിക്കുന്ന യാത്ര ഡിസംബർ ഒന്നിനാണ് അവസാനിക്കുക. അതായത് 13 പകലുകളും 12 രാത്രികളുമാണ് നിങ്ങൾക്ക് കാഴ്ചകൾ കാണാൻ ലഭിക്കുന്നത്. ” നോർത്ത് വെസ്‌റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്‌ണോദേവി” എന്നു പേരിട്ടിരിക്കുന്ന പാക്കേജ് രാജ്യത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.
നിലവിൽ 754 സീറ്റുകളാണ് ട്രെയിനിൽ ഉള്ളത്. ഇതിൽ 544 സ്റ്റാൻഡേർഡ് സീറ്റുകളും 210 കംഫർട്ട് സീറ്റുകളുമാണ് ഉൾപ്പെടുന്നത്. സ്റ്റാൻഡേർഡ് സീറ്റിംഗ് ബുക്ക് ചെയ്യാൻ മുതിർന്നവർക്ക് 26,310 രൂപയും 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് 24,600 രൂപയുമാണ്. സ്റ്റാൻഡേർഡ് സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് പേർക്ക് തങ്ങാവുന്ന എസി മുറികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനുള്ള നോൺ എസി വാഹനങ്ങൾ തുടങ്ങിയവയും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്.















